എസ്.ബി കോളജ് അധ്യാപകന് 35 ലക്ഷത്തിന്റെ സ്കോളര്‍ഷിപ്
text_fieldsഡോ. അജിത് ആര്. മല്യ
ചങ്ങനാശ്ശേരി: സയന്‍സ് ആൻഡ് ടെക്നോളജി ഡിപ്പാര്‍ട്മെന്റിന്റെ ഇൻസ്പെയര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പിന് എസ്.ബി കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകന് ഡോ. അജിത് ആര്. മല്യ അര്‍ഹനായി. ഇന്‍സ്പെയര്‍ ഫെലോഷിപ്പിന്റെ ഭാഗമായി കോളജില്‍ ഗവേഷണം നടത്തുന്നതിന് 35 ലക്ഷം രൂപയുടെ റിസര്‍ച് ഗ്രാന്റ് അജിത്തിന് ലഭിക്കും.
2022 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം ഏഴു ലക്ഷം രൂപയാണ് ഈ ഗ്രാന്റ് വഴി ഗവേഷണത്തിന് ലഭിക്കുക. സെല്‍ഫ് അസംബ്ലി എന്ന പ്രതിഭാസം ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയില്‍ സൗരോര്‍ജം പ്രയോജനപ്പെടുത്താന്‍ ആവശ്യമായ തന്മാത്രകളെ ലബോറട്ടറിയില്‍ വികസിപ്പിച്ചെടുക്കാനുള്ള പഠനത്തിന് ഈ തുക വിനിയോഗിക്കും.
2015ല്‍ തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആൻഡ് റിസര്‍ച്ചില്‍നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം അജിത് സ്വിറ്റ്സര്‍ലന്‍ഡിലെ യൂനിവേഴ്സിറ്റി ഓഫ് ജനീവ, ബ്രിട്ടനിലെ യൂനിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാം എന്നിവിടങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായി തുടര്‍പഠനം നടത്തി.
യൂറോപ്യന്‍ യൂനിയന്‍ നല്കുന്ന മേരി സ്ക്ലോഡോവിസ്കി ക്യൂറി ഫെലോഷിപ് (2018-20), മല്‍ഹോത്ര വീക്ഫീല്ഡ് ഫൗണ്ടേഷന് നല്കുന്ന മല്‍ഹോത്ര വീക്ഫീല്ഡ് നാനോ സയന്‍സ് പുരസ്കാരം (2015) എന്നിവ മുമ്പ് അജിത്തിനെ തേടി എത്തിയിട്ടുണ്ട്. 2021 ജൂണിലാണ് അജിത് എസ്.ബി കോളജിലെ രസതന്ത്ര വിഭാഗത്തില്‍ അസി. പ്രഫസറായി ജോലിയില്‍ പ്രവേശിച്ചത്.