ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോ മുഖച്ഛായ മാറും; പഴയ കെട്ടിടം ഓർമയിലേക്ക്
text_fieldsചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി പഴയ കെട്ടിടം
ചങ്ങനാശ്ശേരി: കാത്തിരിപ്പിന് വിരാമമിട്ട് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിെൻറ മുഖച്ഛായ മാറാൻ ഒരുങ്ങുന്നു. പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിെൻറ നിർമാണവുമായി ബന്ധപ്പെട്ട് 50 വർഷത്തിലധികം പഴക്കമുള്ളതും അപകടാവസ്ഥയലുള്ളതുമായ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം കോടതി തള്ളിയതായും നടപടി പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും എം.എൽ.എ പറഞ്ഞു. പൊളിക്കൽ നടപടി ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
പഴയ കെട്ടിടത്തിലെ കടകളും മറ്റ് ഓഫിസുകളും ചൊവ്വാഴ്ച ഒഴിപ്പിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പഴയകെട്ടിടം വേലികെട്ടി മറക്കുകയും ചെയ്തു. മുൻവർഷങ്ങളിൽ ഉപയോഗിക്കാതെ കിടന്ന എം.എൽ.എ ആസ്തി വികസനഫണ്ടിൽനിന്നുമാണ് എം.എൽ.എ അടങ്കൽ തുകയായ അഞ്ചുകോടി 15 ലക്ഷം രൂപ പുതിയ ചങ്ങനാശ്ശേരി ബസ് ടെർമിനലിനായി നിർദേശിച്ചത്. കേന്ദ്രസർക്കാർ ഏജൻസിയായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമാണച്ചുമതല. പഴയ കെട്ടിടം പൊളിക്കുമ്പോൾ യാത്രക്കാർക്കായുള്ള പുതിയ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും ഓഫിസ് റൂമുകളും മാസങ്ങൾക്ക് മുമ്പേ എം.എൽ.എയുടെ നിർദേശപ്രകാരം തയാറാക്കിയിരുന്നു. പഴയ കെട്ടിടം പൊളിച്ചശേഷം, 18,000 ചതുരശ്രഅടി കെട്ടിടസമുച്ചയം ഉൾപ്പെടുന്ന പുതിയ ബസ് ടെർമിനലിെൻറ ടെൻഡർ നടപടി ആരംഭിക്കും. സ്റ്റേഷൻ മാസ്റ്റർ റൂം, കൺട്രോൾ ഇൻസ്പെക്ടർ റൂം, പൊലീസ് എയ്ഡ് പോസ്റ്റ്, ഫസ്റ്റ് എയ്ഡ് റൂം പുരുഷന്മാർക്കും സ്ത്രീകൾക്കും ടോയ്ലറ്റ് സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി, റിസർവേഷൻ ഓഫിസ്, എൻക്വയറി ഓഫിസ്, വിഭിന്ന ശേഷിക്കാർക്കുള്ള ടോയ്ലറ്റുകൾ തുടങ്ങിയവ താഴത്തെ നിലയിലും കഫറ്റീരിയ, ശീതീകരിച്ച വിശ്രമമുറി, ക്ലോക്ക് റൂം, ടേക്ക് എ ബ്രേക്ക് തുടങ്ങിയ സൗകര്യം മുകളിലത്തെ നിലകളിലും സജ്ജമാക്കും. ദീർഘദൂര ബസുകൾക്കും ലോക്കൽ സർവിസ് ബസുകൾക്കും പ്രത്യേകം പാർക്കിങ് ഏരിയ ഉൾപ്പെടുത്തും.
നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി എം.സി റോഡിനോട് ചേർന്ന് സ്വകാര്യവാഹന പാർക്കിങ് സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പൊതു ആവശ്യം പരിഗണിച്ച് ഹൈടെക് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം കൂടി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്താൻ സ്ഥലം നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

