പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തേരോട്ടം
text_fieldsപാമ്പാടി: മന്ത്രി വി.എൻ. വാസവനും ചാണ്ടി ഉമ്മൻ എം.എൽ.എയും തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വാർഡുകളും സ്വന്തമാക്കി കോൺഗ്രസ്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും വലിയ വിജയമാണ് യു.ഡി.എഫ് നേടിയത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനും.
എം.എൽ.എ ആയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന നിലക്ക് സമ്പൂർണ വിജയം അദ്ദേഹത്തിന്റെകൂടി ആവശ്യമായിരുന്നു. മന്ത്രി വി.എൻ. വാസവന്റെ സ്വദേശമായ പാമ്പാടി ഉൾപ്പെടെ പഞ്ചായത്തുകളിൽ ആധികാരികമായ വിജയമാണ് കോൺഗ്രസ് ലക്ഷ്യമിട്ടതും ഒടുവിൽ അത് സാധിച്ചെടുത്തതും.
ഏഴ് പഞ്ചായത്ത് വാർഡുകളും പഞ്ചായത്തുകളിൽനിന്നുള്ള ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളും വിജയിച്ചു എന്ന പ്രത്യേകതയുമുണ്ട്. കൂരോപ്പട ഒഴിച്ച് ബാക്കി എല്ലാ പഞ്ചായത്തുകളും യു.ഡി.എഫിന് അനുകൂലമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാ കാര്യത്തിലും ചാണ്ടി ഉമ്മന്റെ കടിഞ്ഞാണുണ്ടായിരുന്നു. ഡി.സി.സിയെ വകവെക്കാതെയാണ് എം.എൽ.എയുടെ പ്രവർത്തനമെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുണ്ടായെങ്കിലും അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. വീടുകൾ കയറിയുള്ള പ്രചാരണം എം.എൽ.എ തന്നെയായിരുന്നു മുന്നിൽനിന്ന് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

