സെൻസസ്; സെൽഫ് എന്യൂമറേഷനിൽ പങ്കുചേർന്ന് കാമ്പസുകൾ
text_fieldsസെന്റ് ഗിറ്റ്സ് കോളജിലെ അധ്യാപകരും വിദ്യാർഥികളും സെൽഫ് എന്യൂമറേഷൻ ബോധവത്കരണ പരിപാടിയുടെ ഭാഗമായി
പാത്തമുട്ടത്ത് ഭവനസന്ദർശനം നടത്തുന്നു
കോട്ടയം: ദേശീയ സെൻസസിന്റെ ആദ്യഘട്ടമായി കുടുംബങ്ങൾ സ്വന്തമായി ഓൺലൈനിൽ വിവരങ്ങൾ നൽകുന്ന സെൽഫ് എന്യൂമറേഷനിൽ സജീവമായി പങ്കുചേർന്ന് കോട്ടയം ജില്ലയിലെ കോളജുകൾ. കോളജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളിൽ സെൽഫ് എന്യൂമറേഷൻ നടത്തുന്നത്. കുടുംബാംഗങ്ങളിൽ ഏതെങ്കിലും ഒരാൾക്ക് സെൽഫ് എന്യൂമറേഷൻ നടത്താൻ കഴിയും. അതുകൊണ്ടുതന്നെ കുടുംബത്തെ പ്രതിനിധാനം ചെയ്താണ് വിദ്യാർഥികൾക്ക് പോർട്ടലിൽ വിവരങ്ങൾ നൽകുന്നത്.
സെൽഫ് എന്യൂമറേഷനിലെ 34 ചോദ്യങ്ങളും ലളിതമായതു കൊണ്ടുതന്നെ അനായാസം ഉത്തരം നൽകാനാകും. ബോധവത്കരണ ക്ലാസിനെ തുടർന്ന് സെൽഫ് എന്യൂമറേഷൻ നടത്തുന്ന രീതിയിലാണ് കാമ്പസുകളിലെ ക്രമീകരണമെന്ന് കാമ്പസുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അഡീഷനൽ ജില്ല സെൻസസ് ഓഫിസർ പി.എ. അമാനത്ത് പറഞ്ഞു. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക്ക്, ഐ.എച്ച്.ആർ.ഡി പുതുപ്പള്ളി, പാമ്പാടി കെ.ജി. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ്, ചങ്ങാശേരി ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, പാലാ സെൻറ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ്, മുരിക്കുംവയൽ ശ്രീശബരീശ കോളജ്, കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ്, വൈക്കം ശ്രീമഹാദേവ കോളജ്, കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, പള്ളം ബിഷപ് സ്പീച്ച്ലി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ചേർപ്പുങ്കൽ ബിഷപ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളജ്, മണർകാട് സെന്റ് മേരീസ് കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് എന്നിവിടങ്ങളിൽ ഇതിനോടകം സെൽഫ് എന്യൂമറേഷൻ നടന്നു.
സെൽഫ് എന്യൂമറേഷൻ ബോധവത്കരണത്തിനായി പല കേന്ദ്രങ്ങളിലും കോളജ് വിദ്യാർഥികൾ ഭവനസന്ദർശനവും നടത്തുന്നുണ്ട്. ജില്ലയിൽ ബുധനാഴ്ച വരെ ആകെ 20109 പേർ സെൽഫ് എന്യൂമറേഷൻ നടത്തി. ഈ മാസം 30 വരെ https://se.census.gov.in/ വഴി കുടുംബങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ നടത്താം. വിശദവിവരങ്ങൾ മനസ്സിലാക്കുന്നതിന് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ട്യൂട്ടോറിയൽ വിഡിയോകളും പോർട്ടലിലുണ്ട്. സെൽഫ് എന്യൂമറേഷൻ ചെയ്ത ശേഷം ലഭിക്കുന്ന 11 അക്ക എസ്.ഇ ഐ.ഡി പിന്നീട് എന്യൂമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ അവർക്ക് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

