കുറഞ്ഞ വിലക്ക് ‘വരവ്’ ഇറച്ചി; പോത്ത് കർഷകർ ആശങ്കയിൽ
text_fieldsകോട്ടയം: അന്യസംസ്ഥാനങ്ങളിൽനിന്നു ശീതീകരിച്ച വാഹനങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമില്ലാതെ ഇറച്ചി എത്തിത്തുടങ്ങിയതോടെ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് പോത്തു വളർത്തുന്ന കർഷകർ ആശങ്കയിൽ. കുറഞ്ഞനിരക്കിലാണ് ഇത്തരം ഇറച്ചിയുടെ വിൽപന. വിപണിയിൽ വിൽക്കുന്നതിൽ 60 ശതമാനത്തിലേറെയും വരവ് ഇറച്ചിയാണെന്ന ആക്ഷേപം ശക്തമാണ്. മതിയായ പരിശോധനയില്ലാതെയാണ് ഇതിന്റെ വിൽപന.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് ഇറച്ചി കൂടുതലായും എത്തുന്നത്. കേരളത്തിൽ കശാപ്പിനായി പോത്തുകൾ ഉൾപ്പെടെ മാടുകളെ തമിഴ്നാട്, കർണാടക ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്നുണ്ട്. വടക്കേ ഇന്ത്യയിൽനിന്ന് ഇറച്ചി എത്തി തുടങ്ങിയതോടെ അയൽസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന കാലികൾക്കും വില വലിയ തോതിൽ കുറഞ്ഞു. ഇതോടെ വലിയതോതിൽ കശാപ്പു നടത്തുന്നവർ നാട്ടിലെ വിപണിയിൽനിന്നു മാടുകളെ വാങ്ങാതായതാണ് കർഷകർക്ക് തിരിച്ചടിയായത്.
ഒരു വർഷത്തിനിടെ ഒരു ലക്ഷം പോത്തിൻകുട്ടികളാണ് മധ്യകേരളത്തിൽ മാത്രം വിറ്റുപോയത്. 20,000 രൂപക്ക് മുകളിലാണ് ഒരു കുട്ടിയുടെ വില. ഇപ്പോൾ വളർച്ചയെത്തിയ പോത്തിന് 30,000 രൂപയിൽ താഴെ മാത്രമാണ് കച്ചവടക്കാർ വിലയിടുന്നതെന്ന് കർഷകർ പറയുന്നു.
വേനൽ ആയാൽ വെള്ളത്തിന് ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ പോത്ത് വളർത്തൽ ദുഷ്കരമാണ്. അതിനാൽ ക്രിസ്തുമസ് സീസണിൽ വിൽക്കുകയായിരുന്നു കർഷകരുടെ ലക്ഷ്യം. വിപണിയിൽ ഒരു കിലോ പോത്തിറച്ചിക്ക് 480 രൂപയോളം വിലയുള്ളപ്പോഴാണ് കർഷകർ വിലകിട്ടാതെ ബുദ്ധിമുട്ടുന്നത്.
200 രൂപയിൽ താഴെ വിലക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഇറച്ചിയാണ് ഉയർന്ന വിലക്ക് വിൽക്കുന്നത്. ഇങ്ങനെ എത്തുന്ന ഇറച്ചി പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ബില്ലുള്ളതിനാൽ പരിശോധന ആവശ്യമില്ലെന്ന നിലപാടിലാണ് അധികൃതരെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
മാലിന്യം തള്ളുന്നതിൽ താറാവ് കർഷകരും ആശങ്കയിൽ
കോട്ടയം: അപ്പർ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ മാലിന്യം തള്ളുന്നത് ക്രിസ്മസ് വിപണി ലക്ഷ്യമാക്കി താറാവ് കൃഷി നടത്തുന്ന കർഷകരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ പതിനായിരകണക്കിന് താറാക്കുഞ്ഞുങ്ങളെയാണ് ഇറക്കിയിരിക്കുന്നത്.
തുടർച്ചയായി പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം താറാവ് വളർത്തൽ പൂർണമായും നിരോധിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പാണ് നിരോധനം നീക്കിയത്. മാലിന്യം തള്ളൽ അവർക്ക് ഭീഷണിയായി മാറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൊലീസ് പരിശോധന കുറഞ്ഞതും വഴിയരികിൽ സ്ഥാപിച്ച കാമറകൾ കൃത്യമായി പ്രവർത്തിക്കാത്തതും പഞ്ചായത്തുകളുടെ ഭരണകാലാവധി കഴിഞ്ഞതും മാലിന്യം തള്ളുന്നവർക്ക് അനുകൂലമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

