സമൂഹ മാധ്യമങ്ങളിലും ‘പിള്ളാരെ പിടിത്തം’
text_fieldsകോട്ടയം: വിദ്യാർഥികളെ ‘പിടിക്കാൻ’ സമൂഹമാധ്യമങ്ങളെയും ഒപ്പംചേർത്ത് അധ്യാപകരും മാനേജ്മെന്റുകളും. വാഗ്ദാനങ്ങൾക്കൊപ്പം ട്രോളുകളും തമാശകളും ഒരുക്കി സ്കൂളുകൾ രംഗത്തെത്തിയതോടെ സമൂഹമാധ്യമത്തിലും ‘അഡ്മിഷൻ പോര്’. വ്യത്യസ്ത പരസ്യങ്ങളുമായി ഒരുവിഭാഗം സ്കൂളുകൾ നിറയുമ്പോൾ ഇവരെ ‘ട്രോളി’ എതിരാളികളും രംഗത്തുണ്ട്.
‘ഓഫറുകളുമായി നിങ്ങൾക്കരികിലേക്കും വന്നേക്കാം. പക്ഷേ, അതിലൊന്നും വീണുപോകാതെ അഡ്മിഷൻ ഗവ. എച്ച്.എസ് വയലായിൽതന്നെ ഉറപ്പാക്കൂ’വെന്നാണ് ജില്ലയിലെ വയലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പരസ്യം. സൗജന്യ യാത്രയടക്കം വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയവരെ വെട്ടാനാണ് വയലാ സ്കൂളിന്റ പരസ്യം.
പുതിയ അധ്യയനവർഷത്തേക്ക് കുട്ടികളെ സംഘടിപ്പിക്കാൻ സമൂഹമാധ്യമ പ്രചാരണത്തിന് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇക്കുറി സ്കൂളുകൾ നൽകിയിരിക്കുന്നത്. ചിരിപടർത്തുന്ന ഇത്തരം പരസ്യങ്ങൾക്കൊപ്പം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വിമാനയാത്രയടക്കമുള്ള കിടിലൻ ഓഫറുകളുമായി രംഗത്തെത്തിയ സ്കൂളുകളുമുണ്ട്.
പൂർവ വിദ്യാർഥികളെ ചൂണ്ടിക്കാണിച്ചുള്ള പരസ്യങ്ങൾക്കും കുറവൊന്നുമില്ല. അച്ചടിമാധ്യമങ്ങളിലടക്കം പരസ്യം നൽകി അൺ എയ്ഡഡ് സ്കൂളുകളും മത്സരം കൊഴുപ്പിക്കുന്നുണ്ട്.
സ്കൂൾ അടക്കുന്നതിനുമുമ്പുതന്നെ സ്കൂൾ ബസുകളിലടക്കം പുതിയ വർഷത്തെ അഡ്മിഷൻ പരസ്യങ്ങൾ അൺ എയ്ഡഡ് സ്കൂളുകൾ ഒരുക്കിയിരുന്നു.ഇതിനിടയിലും വീട് കയറിയിറങ്ങി കുട്ടികളെ പിടിക്കുന്ന പതിവുരീതിക്ക് മാറ്റമൊന്നുമില്ല. സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെയാണ് അധ്യാപകർ കുട്ടികളെ വലയിലാക്കാൻ ഇറങ്ങിയിരിക്കുന്നത്.
ബാഗ്, കുട, ചെരിപ്പ്, പഠനോപകരണങ്ങൾ, സൗജന്യ യാത്ര എന്നിങ്ങനെ വാഗ്ദാന പെരുമഴയുമായാണ് ഇവരുടെ വീട് സന്ദർശനം. പല സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളും വിദ്യാർഥികളുടെ കുറവിനെ തുടർന്ന് പ്രതിസന്ധിയിലാണ്.
കുട്ടികളുടെ കുറവിനെ തുടർന്ന് ഡിവിഷൻ കുറയുകയും നിലവിലുള്ള അധ്യാപക തസ്തികകൾപോലും ഇല്ലാതാകുകയും ചെയ്യുന്നതാണ് ഏതുവിധേനയും കുട്ടികളെ സ്കൂളിലേക്കെത്തിക്കാൻ നെട്ടോട്ടമോടാൻ കാരണം. കഴിഞ്ഞ അധ്യയനവർഷം തസ്തിക നിർണയം പൂർത്തിയാക്കി സർക്കാർ ഉത്തരവിറങ്ങാത്തതിനാൽ പുതിയ അധ്യാപക തസ്തികകൾ അംഗീകരിച്ചിരുന്നില്ല.
അടുത്ത അധ്യയനവർഷം തസ്തിക നിർണയം പൂർത്തിയാക്കുമ്പോൾ ഡിവിഷൻ നിലനിർത്താനായില്ലെങ്കിൽ പഴയ തസ്തികകൾ നഷ്ടമാവും. അതിനാൽതന്നെ എല്ലാ ഡിവിഷനുകളും നിലനിർത്തണമെങ്കിൽ അധ്യാപകർക്ക് ഫീൽഡ്വർക്ക് നടത്തി കൂടുതൽ കുട്ടികളെ ചേർക്കാതെ രക്ഷയില്ലെന്നാണ് സ്ഥിതി.
എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റുകളുടെ നിർദേശ പ്രകാരമാണു കുട്ടികളെതേടി അധ്യാപകർ വീടുകളിലെത്തുന്നത്. അംഗൻവാടികളിലും പ്ലേ സ്കൂളുകളിലും അധ്യാപകർ എത്താറുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽനിന്നുള്ളവരും സമാന തന്ത്രം പയറ്റുന്നുണ്ട്. വലിയതോതിൽ കുട്ടികൾ പ്രവേശനം നേടിയ സ്കൂളുകളും ജില്ലയിലുണ്ട്.
ഇടപെട്ട് ബാലാവകാശ കമീഷൻ
കോട്ടയം: സ്കൂളുകൾ തമ്മിലുള്ള മത്സരം മുറുകിയപ്പോൾ വിഷയത്തിൽ ബാലാവകാശ കമീഷനും ഇടപെട്ടിരുന്നു. കുട്ടികളുടെ ഫോട്ടോകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ വിലക്കിയിരിക്കുകയാണ് ബാലാവകാശ കമീഷൻ. ചിരിച്ചും പുസ്തകം കൈയിൽ പിടിച്ചും നിൽക്കുന്ന കുട്ടികൾ സ്കൂൾ പരസ്യങ്ങളിൽ വേണ്ടെന്നാണ് കമീഷൻ നിർദേശം.
മത്സരബുദ്ധി സൃഷ്ടിക്കുകുന്ന ഇത്തരം ബോർഡുകൾ മറ്റ് കുട്ടികളെ മാനസികമായി തളർത്തുന്നുവെന്ന് ബാലാവകാശ കമീഷൻ കണ്ടെത്തി. ഇതേ തുടർന്നാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് തടയിടാൻ തീരുമാനിച്ചത്. ഇത് പ്രാബല്യത്തിൽ വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷ സെക്രട്ടറി എന്നിവർക്ക് കമീഷൻ നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

