കാർ പാടത്ത് മുങ്ങി; ഗ്ലാസ് തകർത്ത് അഞ്ചംഗ കുടുംബത്തെ രക്ഷിച്ചു
text_fieldsകാർ പാടശേഖരത്തിലേക്ക് മറിഞ്ഞപ്പോൾ
വൈക്കം: വെച്ചൂർ പള്ളിയിൽ പ്രാർഥനക്കുശേഷം മടങ്ങിയ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി പാടശേഖരത്തിലേക്ക് മറിഞ്ഞു. തക്കസമയത്തു സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയതുമൂലം വൻ അപകടം ഒഴിവായി. വെച്ചൂർ- കല്ലറ റോഡിലെ കോലാംപുറത്തുശ്ശേരി പാടശേഖരത്തിനു സമീപം കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെയാണ് അപകടം.
ഏറ്റുമാനൂർ സ്വദേശികളായ ബിബിൻ മാത്യു, ഭാര്യ ആശമോൾ, മകൾ മൂന്നു വയസ്സുകാരി അമയ അന്ന, ബന്ധുക്കളും മുട്ടുചിറ സ്വദേശികളുമായ ചെറിയാൻ മാത്യു, ലീലാമ്മ മാത്യു ഉൾപ്പെടെ അഞ്ചുപേരാണ് മുങ്ങിതാഴ്ന്നത്.
രണ്ടാൾ പൊക്കം വെള്ളമുള്ള പാടശേഖരത്തിൽ വാഹനം മുങ്ങുന്നതുകണ്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന ടിപ്പർ ഡ്രൈവറും മോട്ടോർ പുരയിലെ തൊഴിലാളികളും ടിപ്പറിെൻറ ലിവർ ഉപയോഗിച്ച് വെള്ളത്തിലിറങ്ങി കാറിെൻറ ഗ്ലാസ് പൊട്ടിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ കുട്ടിയെ തെൻറ കൈയിൽ ഉയർത്തിപ്പിടിച്ചാണ് വെള്ളത്തിൽ മുങ്ങാതെ കരക്കെത്തിച്ചത്.
അപകടത്തിൽ കുട്ടിയുടെ കൈക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ ടിപ്പർ ഡ്രൈവറുടെ കാലിന് പരിക്കേറ്റു. തുടർന്ന് ടിപ്പർ ഡ്രൈവറെയും അപകടത്തിൽപെട്ടവരെയും ഇടയാഴം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ അരമണിക്കൂറിനുശേഷം ഇവർ മടങ്ങി. ക്രെയിൻ ഉപയോഗിച്ച് വാഹനം കരക്ക് കയറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

