കാൻഡിഡേറ്റ്സ് പ്ലീസ് നോട്ട്...
text_fieldsകോട്ടയം: വീണ്ടും ഒരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് കോട്ടയം കടന്നിരിക്കുകയാണ്. ഇരുമുന്നണികളുടേയും സ്ഥാനാർഥി പ്രഖ്യാപനം വരികയും അവർ പ്രചാരണ രംഗത്ത് സജീവമാകുകയും ചെയ്തുകഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർഥി കൂടി വരുന്നതോടെ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പൂർണ ചിത്രമാകും.
വികസനത്തിന്റെ പട്ടിക നിരത്തി സിറ്റിങ് എം.പിയായ എൽ.ഡി.എഫ് പ്രതിനിധി തോമസ് ചാഴികാടനും മാറ്റം ചൂണ്ടിക്കാട്ടി യു.ഡി.എഫിന്റെ ഫ്രാൻസിസ് ജോർജും പ്രചാരണത്തിൽ സജീവമാകുകയാണ്.
കോട്ടയം, ഏറ്റുമാനൂർ, വൈക്കം, പാലാ, പുതുപ്പള്ളി, കടുത്തുരുത്തി, പിറവം നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ലോക്സഭാ മണ്ഡലം. ഇതിൽ പിറവം എറണാകുളം ജില്ലയിലാണെന്നതൊഴിച്ചാൽ ബാക്കി ആറ് മണ്ഡലങ്ങളും കോട്ടയം ജില്ലയുടെ ഹൃദയഭാഗത്താണ്. എന്നാൽ വികസന മുരടിപ്പാണ് ഈ മണ്ഡലങ്ങളിലെയെല്ലാം പ്രധാന പ്രശ്നം. ഓരോ മണ്ഡലത്തിലും സ്ഥാനാർഥികൾ ശ്രദ്ധിക്കേണ്ട ചില പ്രധാന വിഷയങ്ങൾ ‘മാധ്യമം’ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് കോട്ടയം നിയമസഭാമണ്ഡലം
- വെള്ളപ്പൊക്കം, കുടിവെള്ള പ്രശ്നം, വീതിയും ഉയരവും കുറഞ്ഞ പാലങ്ങൾ, ഗതാഗതക്കുരുക്ക്,
- പാതിവഴിയിലായ വികസന പദ്ധതികൾ എന്നിവയാണ് കോട്ടയം മണ്ഡലത്തിലെ പ്രധാന പ്രശ്നം
- ഒറ്റമഴയിൽ നഗരത്തിലെ റോഡുകൾപോലും വെള്ളത്തിലാകും. എല്ലാ വർഷവും ഒന്നിലേറെ തവണ മീനച്ചിലാർ നിറഞ്ഞുകവിഞ്ഞ് നഗരത്തിലെ വീടുകളിൽ വെള്ളം കയറും
- പണ്ട് നിർമിച്ച പാലങ്ങളാണ് പലയിടത്തും. റോഡുകൾ വികസിച്ചെങ്കിലും പാലങ്ങൾക്ക് മാറ്റം വരാനുണ്ട്.
- പടിഞ്ഞാറൻ മേഖലയിലെ പൊക്കുപാലങ്ങൾ ജലഗതാഗതത്തിന് തടസമാണ്. ഇവ മാറ്റി സാധാരണ പാലമാക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
- റബർ ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ച
- പ്രധാനപ്പെട്ട കേന്ദ്രസ്ഥാപനങ്ങളോ പദ്ധതികുളായൊന്നും തന്നെ മണ്ഡലത്തിലില്ല
- നിരവധി പദ്ധതികൾ രാഷ്ട്രീയ വടംവലിയിൽ നഗരത്തിൽ പോലും കുരുങ്ങിക്കിടക്കുന്നു. ആകാശപ്പാത, കോടിമത രണ്ടാംപാലം തുടങ്ങിയവ ഉദാഹരണങ്ങൾ
- കെട്ടിടങ്ങളുടെ ആധിക്യം മൂലം നഗരത്തിനകത്ത് റോഡുകളുടെ വികസനം സാധ്യമാകാത്ത അവസ്ഥ
- തിരക്കേറിയ ബേക്കർ ജങ്ഷനിൽ പോലും സിഗ്നൽ സംവിധാനം നടപ്പായിട്ടില്ല
- ഈരയിൽക്കടവ്, പാറേച്ചാൽ ബൈപാസ് എന്നിവ വന്നിട്ടും ഗതാഗതകുരുക്കിന് പരിഹാരമായില്ല. രണ്ടു ബൈപാസുകളുടെയും പ്രശേവന കവാടം കുപ്പിക്കഴുത്തു പോലെയാണ്
- പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ജലഅതോറിറ്റിയുടെ വെള്ളം കൃത്യമായി ലഭ്യമാവുന്നില്ല. മുനിസിപ്പൽ പരിധിയിൽ ഉയർന്ന ഭാഗങ്ങളിൽ കുടിവെള്ളമെത്താത്ത പ്രശ്നമുണ്ട്.
- ഭവനരഹിതരും ഭൂരഹിതരുമായി നിരവധിപേരാണ് മണ്ഡത്തിലുള്ളത്
- മണർകാട്, അയ്മനം, പാറമ്പുഴ, നാട്ടകം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത് പരിമിതമായ സൗകര്യങ്ങളിലാണ്. ഏറ്റവും പരിതാപകരമാണ് ജില്ലാ ജനറൽ ആശുപത്രിയുടെ അവസ്ഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

