ഉറുമ്പിക്കരയിൽ പുലിയെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു
text_fieldsപുലിയെ കണ്ടെത്താൻ വനപാലകർ കാമറ സ്ഥാപിക്കുന്നു
കൊക്കയാർ: കുറ്റിപ്ലാങ്ങാടിന് സമീപം ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ വളർത്തുനായെ കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ട സംഭവത്തിൽ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽനിന്ന് 500 മീറ്റർ മാറി വനം അതിർത്തിയിൽ കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായെയാണ് ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 11ഓടെ വീട്ടുമുറ്റത്ത് നായുടെ കുര കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. ആക്രമണരീതികൾ പുലിയുടെ സമാനമാണെന്ന് കണ്ടെത്തി. തുടർന്ന് പ്രദേശത്തുനിന്ന് ലഭിച്ച കാൽപാടുകൾ പരിശോധിച്ച് പുലിയാണെന്നും സ്ഥിരീകരിച്ചിരുന്നു.
കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടുവെക്കാനുള്ള തുടർനടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച വനപാലകസംഘം പട്രോളിങ് നടത്തി. കൂടാതെ കാമറകൾ സ്ഥാപിച്ച സ്ഥലത്ത് നായുടെ അവശിഷ്ടങ്ങൾവെച്ചെങ്കിലും രണ്ടാംദിവസം പുലി എത്തിയില്ല.
കുറ്റിപ്ലാങ്ങാട് സ്കൂളിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് വനം ഉണ്ടെങ്കിലും വന്യജീവി ആക്രമണങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല. വനം അതിർത്തി മേഖലയിൽ സുരക്ഷാ മാനദണ്ഡം ഇല്ലാത്തതും ജനത്തെ ഭീതിയിലാഴ്ത്തുകയാണ്. പട്ടികവർഗ ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്.
രണ്ടുമാസം മുമ്പ് ഇളങ്കാട് ടോപ്പിൽ വാഗമൺ താഴ്വാരത്തിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. സ്വകാര്യ പുരയിടത്തിൽ കേബിളിൽ കുരുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടത്. മുമ്പ് പുലിയുടെ സാന്നിധ്യമുണ്ടായിട്ടില്ലാത്ത ഇവിടെ ജഡം കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉറുമ്പിക്കര വനത്തിൽനിന്ന് വന്നതാകാമെന്ന നിഗമനത്തിലെത്തിയിരുന്നു.
ഉറുമ്പിക്കര വനത്തിലും ഇതാദ്യമാണ് പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്. കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ശല്യം ജനവാസമേഖലയിൽ ഉണ്ടായിട്ടുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പുലിയുടെ ആക്രമണം ഉണ്ടായത് നാട് ഭീതിയോടെയാണ് കാണുന്നത്. മൂന്ന് കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യണം കുട്ടികൾക്ക് സ്കൂളിലെത്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

