എ.സി റോഡ് നവീകരണത്തിൽ ക്രമക്കേടെന്ന് സി.എ.ജി
text_fieldsകോട്ടയം: ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡിന്റെ നവീകരണത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. ജി. സുധാകരൻ പൊതുമരാമത്തു മന്ത്രിയായിരുന്ന ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച രൂപരേഖ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് മാറ്റിയത് ക്രമക്കേടിന് കാരണമായെന്നു റിപ്പോർട്ട് പറയുന്നു.
പാലത്തിന് വീതി കൂട്ടുന്നതിന് സാങ്കേതിക ന്യായീകരണം തേടാതെ രൂപകൽപനയിൽ മാറ്റംവരുത്തുകയും ചെലവുകൾ താരതമ്യം ചെയ്യാതിരിക്കുകയും ചെയ്തതുമൂലം കരാറുകാരൻ കോടികൾ ലാഭമുണ്ടാക്കി. പണി നടക്കുന്നതിന് ഏകദേശം മൂന്നു വർഷം മുമ്പ് വരെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യവും അധിക സാമ്പത്തിക നേട്ടവും ലഭിച്ചതായി റിപ്പോർട്ടിലുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ഉൾപ്പെട്ട കൺസോർഷ്യമാണു റോഡ് നവീകരണം നടത്തിയത്. പ്രളയത്തിനു പിന്നാലെ നവീകരണം തുടങ്ങിയ റോഡിന്റെ ഉദ്ഘാടനം നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു. കരാറുകാർക്കു പണം നൽകുന്നതിന്റെ ഘട്ടങ്ങൾ വിഭജിച്ചതിലൂടെ 333 മുതൽ 911 ദിവസം വരെ നേരത്തെ പണം നൽകി. മണ്ണുപണികൾ, നിലം ഉയർത്തൽ എന്നിവയുടെ പണം നൽകുന്ന ഘട്ടം മാറ്റിയതിലൂടെ കരാറുകാർക്ക് 28.22 കോടി അധികം ലഭിച്ചെന്നും ചൂണ്ടിക്കാട്ടുന്നു
പ്രളയത്തെ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ കോടികൾ ചെലവിട്ടായിരുന്നു എ.സി റോഡ് നവീകരണം. റോഡ് നവീകരണം സംബന്ധിച്ച് തുടക്കം മുതലേ നിരവധി പരാതികളും ആരോപണങ്ങളും പലഭാഗങ്ങളിൽനിന്നും ഉയർന്നിരുന്നു. മുമ്പുണ്ടായിരുന്ന റോഡിന്റെ വീതി കുറക്കുന്ന തരത്തിൽ അശാസ്ത്രീയമായാണ് നിർമാണമെന്നായിരുന്നു പ്രധാന പരാതി. 2020 ഒക്ടോബർ 12നാണ് 24.14 കിലോമീറ്റർ വരുന്ന റോഡ് നവീകരണത്തിന് തുടക്കമിട്ടത്. 2024 ആദ്യം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി 2026 മാർച്ച് ഏഴിനാണ് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്.
റീബിൽഡ് കേരളയുടെ ഭാഗമായി 649.76 കോടിരൂപയുടെ പദ്ധതിക്കാണ് ആദ്യം ഭരണാനുമതി ലഭിച്ചത്. പിന്നീടിത് 671.66 കോടി രൂപയായി പുതുക്കി. പള്ളാത്തുരുത്തിയിലെ സമാന്തര പാലത്തിന്റെ നിർമാണം ഉൾപ്പെടെ അധിക പ്രവൃത്തികൾ കാരണം അന്തിമച്ചെലവ് 740 കോടി രൂപയായി ഉയർന്നു.
പത്തു മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും കൊരുപ്പുകട്ട പാകിയ നടപ്പാതയും ഓടയും കൂടാതെ വലതു വശത്ത് യൂട്ടിലിറ്റി ഡക്ടുമുണ്ട്. കിടങ്ങറ, നെടുമുടി, മുട്ടാർ, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ വലിയ പാലങ്ങൾ നിർമിച്ചു. ഒന്നാംകര, മങ്കൊമ്പ്, ജ്യോതി, നസ്രത്ത് ജങ്ഷൻ, പണ്ടാരക്കുളം എന്നിവിടങ്ങളിലായി അഞ്ചു മേൽപാലങ്ങളും പണിതു. വെള്ളപ്പൊക്കം അതിജീവിക്കാൻ റോഡിന്റെ ഉയരം കൂട്ടി. സെമി-എലിവേറ്റഡ് പാതകളും പണിതു. കാൽനടയാത്രികർക്കായി കൈവരികൾ, കനാൽ- പാടം ഭാഗങ്ങളിൽ സുരക്ഷ ബാരിയർ എന്നിവയുണ്ട്. 48 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നിർമിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

