ചുങ്കത്തെ ബസ് കാത്തിരിപ്പുകേന്ദ്രം കൈയേറി വഴിയോരക്കച്ചവടം
text_fieldsചുങ്കം ബസ് സ്റ്റോപ് വഴിയോരക്കച്ചവടക്കാർ കൈയേറിയ നിലയിൽ
കോട്ടയം: ചാലുകുന്ന്-മെഡിക്കൽ കോളജ് റൂട്ടിൽ ചുങ്കത്തെ ബസ് കാത്തിരിപ്പുകേന്ദ്രം തെരുവുകച്ചവടക്കാർ കൈയേറി. നേരത്തേ ഒന്നോ രണ്ടോ കച്ചവടക്കാർ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ എണ്ണം കൂടി. വഴിയോരം കച്ചവടക്കാർ കൈയടക്കിയതോടെ കാൽനടക്കാർക്കു സഞ്ചരിക്കാൻ ബുദ്ധിമുട്ടായി. വാഹനങ്ങൾ റോഡിൽ നിർത്തിയാണ് ആളുകൾ സാധനങ്ങൾ വാങ്ങുന്നത്.
ഈ ഭാഗത്ത് നടപ്പാതയില്ലാത്തതിനാൽ സൂക്ഷിച്ചാണ് യാത്രക്കാർ കടന്നുപോകുന്നത്. അതിനിടയിൽ വഴിയോരക്കച്ചവടം കൂടിയായപ്പോൾ കാൽനടക്കാരുടെ ദുരിതം ഇരട്ടിയായി. റോഡിെൻറ നടുവിൽ കയറി നടക്കേണ്ടി വരികയാണ്.
ബൈക്കുകളും ഓട്ടോകളും കാറുകളുമടക്കം റോഡരികിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ ചന്തയുടെ പ്രതീതിയാണിവിടെ. റോഡിെൻറ വീതി കുറഞ്ഞ ഭാഗമായതിനാലും ഹംപ് ഉള്ളതിനാലും രാവിലെയും വൈകീട്ടും തിരക്കുള്ള സമയത്ത് വാഹനങ്ങളും ബുദ്ധിമുട്ടിയാണ് പോകുന്നത്. മെഡിക്കൽ കോളജിലേക്ക് ആംബുലൻസുകൾ ഇടതടവില്ലാതെ പോകുന്ന റോഡാണിത്. നേരത്തേ ബസുകൾ നിർത്തിയിരുന്നത് ബസ് സ്റ്റോപ്പിനു മുന്നിലായിരുന്നു.
എന്നാൽ, ഇപ്പോൾ മുന്നോട്ടുനീക്കി കടകൾക്കുമുന്നിലാണു നിർത്തുന്നത്. ഇതോടെയാണ് കാത്തിരിപ്പുകേന്ദ്രവും പരിസരവും കച്ചവടക്കാർ കൈയേറിയത്. പച്ചക്കറികളും മത്സ്യവും കപ്പയും നാളികേരവും എല്ലാം വാഹനങ്ങളിൽ കൊണ്ടുവന്നും തട്ടുണ്ടാക്കിയും നിലത്തുവിരിച്ചുമൊക്കെയാണ് റോഡരികിൽ വിൽപന നടത്തുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിെൻറ സമീപത്താണ് ജങ്ഷനിലെ കടകളിലേക്കു വരുന്നവരുടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്.
ബസുകൾ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയാൽ അനധികൃത കച്ചവടക്കാരെ ഒഴിവാക്കാനാവും. അധികൃതർ ഉടൻ ഇടപെടണമെന്നാണ് യാത്രക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

