ഈ ഓണത്തിനും ഇവർ തെരുവിൽ തന്നെ
text_fieldsതിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റുന്നതിനുമുമ്പ്
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ കച്ചവടം ചെയ്തിരുന്ന വ്യാപാരികളെ തെരുവിലിറക്കിയിട്ട് വർഷം മൂന്നു കഴിഞ്ഞു. താൽക്കാലിക പുനരധിവാസം എന്ന ചൂണ്ടയിട്ട് കെട്ടിടം പൊളിക്കാൻ മുന്നിട്ടിറങ്ങിയ നഗരസഭ അധികൃതർ കെട്ടിടം പൊളിക്കൽ കഴിഞ്ഞപ്പോൾ മറുകണ്ടം ചാടി. വ്യാപാരികൾക്ക് താൽക്കാലികമായി ഇടം നൽകിയാൽ ഒഴിഞ്ഞുപോവില്ലെന്നാണ് അവസാനം അധികൃതർ കണ്ടെത്തിയ ന്യായം.
സ്വന്തം ചെലവിൽ ഷെഡ് കെട്ടി സ്വന്തം ചെലവിൽ പൊളിച്ചുമാറ്റാമെന്ന് വ്യാപാരികൾ സത്യവാങ്മൂലം നൽകാൻ തയാറായിട്ടും നഗരസഭക്ക് കുലുക്കമില്ല. ഇതോടെ ഈ ഓണത്തിനെങ്കിലും താൽക്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങാൻ കഴിയുമെന്ന അവരുടെ പ്രതീക്ഷ വെള്ളത്തിലായി. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിച്ച ബസ് ബേയും കാത്തിരിപ്പ് കേന്ദ്രവും ടാക്സി സ്റ്റാൻഡും തിരിച്ചെത്തി. സ്റ്റാൻഡിന്റെ ഒരു ഭാഗം പൊതുപരിപാടികൾക്കും മേളകൾക്കും നൽകുന്നുമുണ്ട്. സ്റ്റാൻഡിനെ ആശ്രയിച്ചുകഴിഞ്ഞിരുന്ന വ്യാപാരികളെ മാത്രമാണ് അവഗണിക്കുന്നത്.
വ്യാപാരികളുടെ താൽക്കാലിക പുനരധിവാസം നടപ്പാക്കാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയാറായിട്ടില്ല. കൗൺസിലർമാർ വ്യക്തിപരമായി വ്യാപാരികൾക്ക് പിന്തുണ നൽകുന്നുണ്ടെങ്കിലും കൗൺസിലിൽ അടിയന്തരമായി ഉന്നയിച്ച് പ്രശ്ന പരിഹാരം തേടാൻ ആരും മുന്നോട്ടുവരുന്നില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് തീരുമാനമായില്ലെങ്കിൽ കാത്തിരിപ്പ് വീണ്ടും നീളും.
കെട്ടിടം പൊളിക്കുന്നതിനുമുമ്പ്, 2022 നവംബർ 10നു ചേർന്ന കൗൺസിൽ യോഗത്തിൽ സ്റ്റാൻഡിൽ താൽക്കാലിക കടമുറികൾ നിർമിക്കാൻ അനുമതി നൽകാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതു പ്രകാരം വ്യാപാരികൾക്ക് താൽക്കാലിക പുനരധിവാസം നൽകാൻ ജൂൺ 17 ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തീരുമാനം നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തിരുനക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് മർച്ചന്റ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചു. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് വ്യാപാരികളുടെ ചെലവിൽ ഷെഡ് നിർമിക്കാമെന്നും പുതിയ കെട്ടിടം വരുമ്പോൾ സ്വന്തം ചെലവിൽ തന്നെ ഷെഡ് നീക്കണമെന്നുമായിരുന്നു കോടതി നിർദേശം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യാപാരികളും മർച്ചന്റ്സ് അസോസിയേഷനും സെക്രട്ടറിക്ക് കത്ത് നൽകി. സ്റ്റാൻഡിൽ നിർമിക്കാനുദ്ദേശിക്കുന്ന താൽക്കാലിക ഷെഡിന്റെ പ്ലാനും കൈമാറിയെങ്കിലും തുടർ നടപടിയില്ല.
പടിഞ്ഞാറുഭാഗത്ത് കടമുറികൾ പണിയാം
സ്റ്റാൻഡിന്റെ പടിഞ്ഞാറേ അറ്റത്ത് കാത്തിരിപ്പുകേന്ദ്രത്തിന്റെ പുറകിൽ നീളത്തിൽ ഷെഡ് കെട്ടാമെന്നാണ് വ്യാപാരികളുടെ നിർദേശം. ഇവിടെ മൂന്നു മീറ്റർ വീതിയുണ്ട്. നിലവിൽ മാലിന്യം തള്ളുന്ന ഇവിടം വൃത്തിയാക്കി താൽക്കാലിക കടകൾ തുടങ്ങിയാൽ യാത്രക്കാർക്കോ ടാക്സി സ്റ്റാൻഡിനോ പൊതുസമ്മേളനങ്ങൾക്കോ തടസ്സമുണ്ടാവില്ല. പുതിയ കെട്ടിടം പണിയാൻ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റുന്നതിനൊപ്പം ഷെഡും നീക്കിയാൽ മതി.
കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിച്ച വ്യാപാരികളിൽ ഭൂരിഭാഗവും വഴിയാധാരമാണ്. 2022 ആഗസ്റ്റ് മൂന്നിനാണ് കെട്ടിടത്തിലെ 52 കട ഒഴിപ്പിച്ചത്. ഇതിൽ അഞ്ചുപേർക്കും ഒരു ബാങ്കിനും നാഗമ്പടത്ത് കടമുറി അനുവദിച്ചു. ഒരാൾ മരിച്ചു. രണ്ടു പേർ കടമുറി വേണ്ടെന്ന് പറഞ്ഞു. ബാക്കി 37 പേർക്കുവേണ്ടിയാണ് കോടതിയിൽ പോയത്.
‘സ്ഥലം കൗൺസിൽ തീരുമാനിക്കണം’
കോട്ടയം: വ്യാപാരികൾക്ക് താൽക്കാലിക ഷെഡ് പണിയാൻ എവിടെയാണ് സ്ഥലം അനുവദിക്കേണ്ടതെന്ന കാര്യം കൗൺസിലാണ് തീരുമാനിക്കേണ്ടത്. വിഷയം കൗൺസിലിൽ അജണ്ടയായി വെച്ചിട്ടില്ല- നഗരസഭ സെക്രട്ടറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

