ക്ലോത്ത് ബാങ്കിലേക്ക് വസ്ത്രങ്ങൾ ശേഖരിച്ച് സഹോദരങ്ങൾ
text_fieldsവസ്ത്രങ്ങൾ ശേഖരിച്ച് മടക്കിവെക്കുന്ന ലയ മരിയ ബിജുവും ലീൻ ബി. പുളിക്കനും
കടുത്തുരുത്തി: അവധിക്കാലത്ത് എല്ലാ കുട്ടികളും കളിമൈതാനങ്ങളിലേക്കിറങ്ങുമ്പോൾ ഈ സഹോദരങ്ങൾ വീടുകൾ കയറിയിറങ്ങുകയാണ് സഹജീവികൾക്കായി വസ്ത്രം ശേഖരിക്കാൻ. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജുവും സഹോദരൻ ആറാം ക്ലാസ് വിദ്യാർഥി ലീൻ ബി. പുളിക്കനുമാണ് അവധിക്കാലം വസ്ത്രശേഖരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. വസ്ത്രങ്ങൾ ശേഖരിച്ച് ക്ലോത്ത് ബാങ്കിന് നൽകുകയാണ് ലക്ഷ്യം.
ക്ലോത്ത് ബാങ്കിൽനിന്ന് വസ്ത്രങ്ങൾ സൗജന്യമായി ആർക്കും നൽകും. വീടുകളിലെത്തി ശേഖരിക്കുന്നവ തരം തിരിക്കും. ലയയും ലീനും ചേർത്ത് ഇവ കഴുകി ഉണക്കും. പിന്നീട് ഇവ ഭംഗിയായി തേച്ച് മടക്കി പുതുവസ്ത്രം പോലെയാക്കും.
ശേഖരിച്ച വസ്ത്രങ്ങൾ സെന്റ് കുര്യാക്കോസ് സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറക്കാട്ട്, അസി. മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ എന്നിവർക്കാണ് കൈമാറുന്നത്. സ്കൂൾ അധികൃതർ വസ്ത്രങ്ങൾ ക്ലോത്ത് ബാങ്കിന് കൈമാറും. ലയയും ലീനും ചേർന്ന് ഇതിനകം രണ്ടുതവണ വസ്ത്രങ്ങൾ കൈമാറി. കഴിഞ്ഞ അവധിക്കാലത്ത് ജലസ്രോതസ്സുകളിൽനിന്നും റോഡുകളിൽനിന്നും മാലിന്യം നീക്കുന്ന ജോലികളായിരുന്നു ഇവർ നടത്തിയത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് സ്കൂളിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുണ്ട്. ലയ മരിയ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ നേടിയാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

