ബൈക്ക് മോഷണം: ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
text_fieldsസദ്ദാം ഹുസൈൻ, അബ്ദുൽ നാസർ
മേലുകാവ്: ബൈക്ക് മോഷണക്കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ സദ്ദാം ഹുസൈൻ (22), അബ്ദുൽ നാസർ (26) എന്നിവരെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് 2018ൽ മൂന്നിലവ് സ്വദേശിയായ യുവാവിന്റെ ബൈക്ക് മോഷ്ടിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇരുവരെയും തൊടുപുഴയിൽനിന്നും പിടികൂടിയത്. മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്.ഐ സനൽകുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

