‘കയറുപൊട്ടിച്ച്’ പോത്തിറച്ചി വില
text_fieldsപോത്തിറച്ചിയുടെ വില രേഖപ്പെടുത്തിയ ബോർഡ്
കോട്ടയം: ജില്ലയില്‍ പോത്തിറച്ചി വില കുത്തനെ വർധിപ്പിക്കുന്നതായി പരാതി. ചില ഭാഗങ്ങളിൽ ജനുവരി മുതൽ പോത്തിറച്ചിയുടെ വില 400 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കടകളിൽ അറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. ക്രിസ്മസ് കാലത്ത് 350 മുതൽ 380 രൂപയായിരുന്നു വില. ഇതാണ് വ്യാപാരികൾ 400 ആയി ഉയർത്തുന്നത്. അതേസമയം, ചിലയിടങ്ങളിൽ പഴയ വിലയിൽ തന്നെയാണ് കച്ചവടം. ഒരോ ക്രിസ്മസ് കാലത്തും 20 രൂപ വീതം വർധിപ്പിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.നിലവിൽ സംസ്ഥാനത്ത് പോത്തിറച്ചിക്ക് ഏറ്റവും അധികം വില ഈടാക്കുന്നത് കോട്ടയം ജില്ലയിലാണെന്നും സംസാരമുണ്ട്. ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സമീപനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
വിലനിയന്ത്രണത്തിന് പ്രാദേശികതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. നേരത്തേ വില ഉയർത്തിയ ഘട്ടത്തിൽ വിഷയത്തിൽ ജില്ല പഞ്ചായത്ത് ഇടപെട്ടിരുന്നു. പോത്തിറച്ചി വില തോന്നിയതുപോലെ ഈടാക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ ജില്ല പഞ്ചായത്ത് ഇതിനെതിരെ പ്രമേയവും പാസാക്കി. പോത്തിറച്ചിക്ക് വില കിലോക്ക് 320 രൂപയായി ഏകീകരിച്ചായിരുന്നു അന്ന് പ്രമേയം പാസാക്കിയത്. വില ഏകീകരിക്കാന്‍ പ്രതിപക്ഷവും കൂടെ നിന്നതോടെ ഐക്യത്തോടെയായിരുന്നു പ്രമേയം പാസാക്കിയത്. എന്നാൽ, ഇതിനെതിരെ വ്യാപാരികൾ രംഗത്തെത്തിയതോടെ തുടർ നടപടിയുണ്ടായില്ല.
മുളക്കുളം പഞ്ചായത്തിലെ താമസക്കാരനായ ജോർജ് കളരിക്കൽ എന്ന റിട്ട. അധ്യാപകൻ ജില്ലയിൽ പോത്തിറച്ചിക്ക് വില കുറക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലപഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നൽകിയതിനു പിന്നാലെയായിരുന്നു പ്രമേയം. വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തിയായിരുന്നു അപേക്ഷ. ഇതിനുശേഷം മാത്രം 60 രൂപയോളമാണ് വർധിച്ചത്. രണ്ടുവർഷത്തിനിടെയാണ് ഈവർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

