കോട്ടയത്തും ചങ്ങനാശ്ശേരിയിലും ബി.ബി.സി ഡോക്യുമെൻററി പ്രദർശനം; വൈക്കത്ത് സംഘർഷം
text_fieldsഡോക്യുമെന്‍ററി പ്രദർശനവുമായി ബന്ധപ്പെട്ട് വൈക്കത്ത് പൊലീസും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷം
കോട്ടയം: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ഡോക്യുമെൻററി കോട്ടയത്തും ചങ്ങനാശ്ശേരിയിലും വൈക്കത്തും പ്രദർശിപ്പിച്ചു. വൈക്കത്ത് പ്രദർശനസ്ഥലത്തേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
കോട്ടയം നഗരത്തിൽ പി.രാഘവൻ പഠനകേന്ദ്രം, ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റി, പുരോഗമന കലാസാഹിത്യസംഘം എന്നീ സംഘടനകൾ ചേർന്നാണ് ‘ ഇന്ത്യ- ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശിപ്പിച്ചത്. തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് വലിയ സ്‌ക്രീനിൽ നടത്തിയ പ്രദർശനം കാണാൻ നിരവധി പേരെത്തി. കനത്ത പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരും രംഗതെത്തി.
ഇടത് സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത്നടത്തിയ ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശനത്തിനെതിരെ പ്രതിഷേധവുമായെത്തിയബി.ജെ.പി പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ നിരത്തി തടഞ്ഞപ്പോൾ
ഇവർ നടത്തിയ മാർച്ച് സെൻട്രൽ ജങ്‌ഷനിൽ പൊലീസ് തടഞ്ഞു. ആദ്യം ബാരിക്കേഡുകൾ തള്ളിമാറ്റാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചെങ്കിലും പിന്നീട് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പ്രദർശനത്തിന് മുന്നോടിയായി കോട്ടയത്ത് നടന്ന പൊതുയോഗത്തിൽ പി.രാഘവൻ പഠനകേന്ദ്രം ചെയർമാൻ ബി. ശശികുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ചങ്ങനാശ്ശേരിയിൽ പെരുന്ന ബസ്സ്റ്റാൻഡ് മൈതാനിയിലായിരുന്നു ഡി.വൈ.എഫ്.ഐ ചങ്ങനാശ്ശരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഡോക്യുമെന്‍ററി പ്രദർശനം. ഡി.വൈ. എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറി പി.എ. നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പ്രതീഷ് ബാബു അധ്യക്ഷത വഹിച്ചു. ഇതേസമയത്ത് ബി.ജെ.പി ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ടി.പി 51’ സിനിമ പ്രദർശനവും നടത്തി.
പെരുന്ന ബസ് സ്റ്റാൻഡിൽ ബി.ജെ.പി ഓഫിസിന് മുൻവശത്തായിട്ടാണ് പ്രദർശനം. ടി.പി. ചന്ദ്രശേഖരനെ 51വെട്ടു വെട്ടി കൊലപ്പെടുത്തിയതു മായി ബന്ധപ്പെട്ട സിനിമയാണിത്. സംഘർഷം തടയാനായി ഇരുഭാഗത്തും വൻപൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

