പ്രായം മറന്ന് ഹൃദ്യസ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അവർ ഒത്തുചേർന്നു
text_fieldsമധുരിക്കും ഓർമകളിൽ ... കോട്ടയം ബസേലിയോസ് കൊളജിൽ നടന്ന മുൻ അധ്യാപക-അനധ്യാപകരുടെയും നിലവിൽ ജോലി ചെയ്യുന്നവരുടെയും സംഗമത്തിനെത്തിയവർ
കോട്ടയം: പ്രായമോ യാത്രയോ സമയമോ അവർക്കൊരു പ്രശ്നമായില്ല... പുതുതലമുറയുടെ സ്നേഹാദരം ഏറ്റുവാങ്ങാൻ വിശ്രമജീവിതം നയിക്കുന്ന അവരെല്ലാവരും പ്രായം മറന്ന് എത്തി. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബസേലിയസ് കോളജിൽ നടന്ന തലമുറ സംഗമമായ ‘ഹൃദ്യം’ പരിപാടിയിലാണ് കോളജിന്റെ ആരംഭകാലം മുതൽ സേവനം അനുഷ്ഠിച്ച് വിരമിച്ച അധ്യാപകരും അനധ്യാപകരും എത്തിച്ചേർന്നത്. പുതുതലമുറയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ആദരവും സ്നേഹവും അവർ ഏറ്റുവാങ്ങി.
ഒന്നിച്ച് ഭക്ഷണം കഴിച്ച്, പാട്ടുപാടി, സൗഹൃദങ്ങൾ പങ്കുവെച്ചാണ് അവർ മടങ്ങിയത്. ദിവസം മുഴുവൻ നിറഞ്ഞുനിന്ന സംഗമത്തിനാണ് ശനിയാഴ്ച ബസേലിയസ് കോളജ് സാക്ഷ്യം വഹിച്ചത്. 1964ൽ സ്ഥാപിതമായ കോളജിന്റെ ഇന്നോളം പ്രവർത്തിച്ചു വിരമിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ എല്ലാ അധ്യാപക, അനധ്യാപകരുടെയും സംഗമമായിരുന്നു ‘ഹൃദ്യം’.
പ്രായത്തിന്റെ അവശതകൾ എല്ലാം മറന്ന് തങ്ങളുടെ ജീവിതത്തിന്റെ ഭൂരിപക്ഷ കാലവും പ്രവർത്തിച്ച കലാലയത്തിലേക്ക് തിരികെ എത്തിയത് നൂറ് അധ്യാപകരും 50 അനധ്യാപകരുമാണ്.
ബസേലിയസ് കോളജിനെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച കലാലയമാക്കുന്നതിൽ ഇവരുടെയെല്ലാം പങ്ക് വളരെ വലുതായിരുന്നു. വിരമിച്ച അധ്യാപകരിലെ ഏറ്റവും തലമുതിർന്ന അധ്യാപകരെ ആദരിച്ചു. വിരമിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുടേതുമായ അധ്യാപക, അനധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.
പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ്, ജനറൽ കൺവീനർ പ്രഫ. ഡോ. പി. ജ്യോതിമോൾ, കൺവീനർ പ്രഫ. എൽസ സി. മരിയ സെബാസ്റ്റൻ, ജോയന്റ് കൺവീനർ സണ്ണി വർഗീസ് ഈവന്റ് കോഓഡിനേറ്റർ ഡോ. ജോജി എം. ഫിലിപ്, മുൻ പ്രിൻസിപ്പൽമാരായ ഡോ. കെ.പി. ജോയി, പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രഫ. ജേക്കബ് മാത്യു, ഡോ. ജാൻസി തോമസ്, പാമ്പാടി കെ.ജി കോളജ് മുൻ പ്രിൻസിപ്പൽമാരായ പ്രഫ. ടൈറ്റസ് വർക്കി, ഫാ. പ്രഫ. കെ.വി. പൗലോസ്, എം.ഒ.സി കോളജുകളുടെ സെക്രട്ടറി ഡോ. എം.ഇ. കുര്യാക്കോസ്, പ്രഫ. മാലൂർ മുരളീധരൻ, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി നൈനാൻ കോശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

