വിലയിടിഞ്ഞ് ഏത്തപ്പഴം; കർഷകർ പ്രതിസന്ധിയിൽ
text_fieldsകോട്ടയം: നേന്ത്രക്കുല വിളവെടുപ്പ് വ്യാപകമായി ആരംഭിച്ചതോടെ വാഴക്കുല വിൽക്കാനാകാതെ കർഷകർ ദുരിതത്തിൽ. വ്യാപകമായി വിളവെടുപ്പ് തുടങ്ങിയതോടെ കർഷകർക്ക് ലഭിക്കുന്ന വരുമാനവും കുറഞ്ഞു. മൊത്ത വിപണിയിൽ 17 മുതൽ 20 വരെ നിരക്കിലാണ് ഏത്തപ്പഴംഎടുക്കുന്നത്. കർഷകർക്ക് ഗുണം ലഭിക്കുന്നില്ലെങ്കിലും വ്യാപാരികൾ വില കൂട്ടിയാണ് ഈടാക്കുന്നത്. വാഴക്കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്. ഉൽപാദിപ്പിച്ച ഏത്തപ്പഴം വിൽപന നടത്താൻ കർഷകർ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അംഗൻവാടികളിലും സ്കുളുകളിലും വിദ്യാർഥികൾക്കു നൽകുന്ന ഭക്ഷണത്തിൽ ഏത്തപ്പഴം ഉൾപ്പെടുത്താൻ ജില്ല ഭരണകൂടം നിർദ്ദേശം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു. ജില്ലയിൽ വ്യാപകമായി ഏത്തവാഴ കൃഷി ചെയ്തിട്ടുണ്ട്. നിലവിൽ കാർഷിക വിപണന കേന്ദ്രങ്ങൾ മാത്രമാണ് കർഷകരിൽനിന്ന് കുല വാങ്ങുന്നത്. സർക്കാറിന്റെ സാമ്പത്തിക സഹായം കാര്യമായി ലഭിക്കാത്തതിനാൽ കച്ചവടത്തിന് ആനുപാതികമായേ ഈ കേന്ദ്രങ്ങളിൽ സംഭരിക്കാനാകു. ജില്ലയുടെ വിവിധഭാഗങ്ങളിൽ ആയിരത്തോളം കർഷകരുടെ വാഴക്കുലകളാണ് പാകമായി നിൽക്കുന്നത്. അതിനിടെ അന്യസംസ്ഥാനങ്ങളിൽനിന്ന് വാഴക്കുല എത്തുന്നതും തിരിച്ചടിയാണ്.
അന്യസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലക്ക് കുല എത്തുന്നതിനാൽ കച്ചവടക്കാർ നാടൻകുല വാങ്ങാൻ കൂട്ടാക്കുന്നുമില്ല. കഴിഞ്ഞയാഴ്ച ഏത്തപ്പഴം കിലോക്ക് 40 രൂപക്ക് മുകളിലായിരുന്നു. സാഹചര്യം മുതലാക്കി 30 രൂപക്കു താഴേക്കു കൊണ്ടുവരാൻ കച്ചവടക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.
മൊത്തവിപണി വിലയാകട്ടെ 20ന് താഴെയുമാണ്. ഇതു പ്രതിരോധിക്കാൻ പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങളിൽ കച്ചവടം വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എല്ലാ കൃഷി ഭവനും കീഴിൽ വിപണന കേന്ദ്രങ്ങളുള്ള സാഹചര്യത്തിൽ വിൽപനക്ക് ഏത്തപ്പഴം ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ കർഷകർക്ക് ഈ പ്രതിസന്ധി അതിജീവിക്കാനാകും.
കനത്തമഴയും പ്രതികൂല സാഹചര്യങ്ങളും അവഗണിച്ചാണ് കർഷകർ ഏത്തവാഴ കൃഷി നടത്തിയത്. നല്ല വിളവ് ലഭിച്ചെങ്കിലും വിൽക്കാനാകാത്തത് പ്രതിസന്ധിയായി. പെട്ടെന്ന് കേടായിപോകാൻ സാധ്യതയുള്ളതിനാൽ വാഴക്കുല സൂക്ഷിച്ചുവെക്കാനും കഴിയില്ല. കൃഷി വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടലുണ്ടായാലേ കർഷകർക്ക് അതിജീവനം സാധ്യമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

