കുറിച്ചിയിലെ വൻകവർച്ച; അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ; എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം
text_fieldsഎ.കെ. വിശ്വനാഥൻ, വി.എസ്. അനിൽകുമാർ, എസ്. ബിനു, പി.സി. സന്തോഷ്, തോമസ് സ്റ്റാൻലി, ശ്യാം എസ്. നായർ, എം.എ നിയാസ്, പി.എ. സതീഷ് കുമാർ
കോട്ടയം: കുറിച്ചിയിലെ ധനകാര്യസ്ഥാപനത്തിൽനിന്ന് നാലു കിലോ സ്വർണവും എട്ടുലക്ഷം രൂപയും കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. പ്രതികളെ പിടികൂടിയ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ. വിശ്വനാഥൻ, ചിങ്ങവനം പൊലീസ് ഇൻസ്പെക്ടർ വി.എസ്. അനിൽകുമാർ, വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്ടർ എസ്. ബിനു, വെസ്റ്റ് പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.സി. സന്തോഷ്, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ തോമസ് സ്റ്റാൻലി, കോട്ടയം സ്പെഷൽ ബ്രാഞ്ച് സീനിയർ സി.പി.ഒ ശ്യാം എസ്. നായർ, ചങ്ങനാശ്ശേരി ട്രാഫിക് സി.പി.ഒ എം.എ നിയാസ്, കോട്ടയം ക്രൈം ബ്രാഞ്ച് സി.പി.ഒ പി.എ. സതീഷ് കുമാർ എന്നിവർക്കാണ് പുരസ്കാരം.
പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും
കോട്ടയം: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിലെ സുധ ഫിനാൻസിൽ 2023 ആഗസ്റ്റ് ആദ്യവാരമാണ് കവർച്ച നടന്നത്. പൊലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കവർച്ചക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കലഞ്ഞൂർ പുന്നക്കുടി പുത്തൻവീട് ഫൈസൽ രാജ്, സഹായി കലഞ്ഞൂർ അനീഷ് ഭവനിൽ അനീഷ് ആന്റണി എന്നിവരാണ് പിടിയിലായത്.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച്വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനുശേഷം സി.സി ടി.വിയുടെ ഡി.വി.ആർ ഉൾപ്പെടെ തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കുള്ള ഗ്രില്ലിന്റെയും ഷട്ടറിന്റെയും താഴ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാക്കൾ ലോക്കർ കുത്തിപ്പൊളിച്ചാണ് സ്വർണവും പണവും കവർന്നത്. സ്ഥാപനത്തിനകത്തും പുറത്തും വ്യാപകമായി സോപ്പുപൊടി വിതറിയിരുന്നു. പോളച്ചിറ പാറപ്പുറം പരമേശ്വരൻ നായരും മകൻ സജികുമാറും ചേർന്നാണ് 27 വർഷമായി സ്ഥാപനം നടത്തിയിരുന്നത്. ശനിയാഴ്ച വൈകീട്ട് പൂട്ടിപ്പോയ സ്ഥാപനത്തിൽ കവർച്ച നടന്നത് തിങ്കളാഴ്ച രാവിലെയാണ് അറിയുന്നത്.
കവർച്ച അന്വേഷിക്കാൻ അന്നത്തെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. സ്ഥാപനത്തിനകത്തുനിന്ന് കണ്ടെത്തിയ മലയാളപത്രത്തിന്റെ പ്രാദേശിക പേജിനുപിറകെയുള്ള അന്വേഷണമാണ് പ്രതികളെ കുറിച്ച് സൂചന നൽകിയത്.
നൂറുകണക്കിന് സി.സി ടി.വി കാമറകളും വാഹനങ്ങളും പരിശോധിച്ചും ജയിലിൽനിന്നിറങ്ങിയ മോഷ്ടാക്കളെ നിരീക്ഷിച്ചും നിരന്തരം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. ആദ്യം പിടിയിലായത് സഹായി അനീഷ് ആയിരുന്നു. തൃശൂരിൽനിന്നാണ് ഫൈസൽരാജിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

