രണ്ടാം കുട്ടനാട് പാക്കേജിൽ അയ്മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ പഞ്ചായത്തുകൾ
text_fieldsഏറ്റുമാനൂർ: നിയോജകമണ്ഡലത്തിലെ നാലു പഞ്ചായത്തുകളെ രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി. അയ്മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ പഞ്ചായത്തുകളാണ് ഉൾപ്പെട്ടത്.ഇതു സംബന്ധിച്ച കൃഷിവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. മന്ത്രി വി.എൻ. വാസവന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സംസ്ഥാന ആസൂത്രണ ബോര്‍ഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബില്‍ഡ് കേരളയും ഏകോപിച്ച് നടപ്പാക്കുന്ന കുട്ടനാടിന്റെ രണ്ടാം പാക്കേജിൽ സമഗ്ര വികസന പദ്ധതികളാണുള്ളത്.
പാക്കേജ് പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ചെയർമാനായ കുട്ടനാട് വികസന ഏകോപന കൗൺസിലാണ് ഏകോപിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ഉൾനാടൻ ജലഗതാഗത വികസനം തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യവികസനം എന്നിവയുടെ സംയോജിത കൃഷിരീതികള്‍ അവലംബിക്കുക, മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വയംസഹായ സംഘങ്ങള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയും പാക്കേജിന്റെ ഭാഗമാണ്.
വേമ്പനാട്ട് കായലിലടക്കം വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകൾ ശക്തിപ്പെടുത്തി സംരക്ഷിക്കാനായി 137 കോടി വകയിരുത്തിയിട്ടുണ്ട്.ഇതിനു പുറമെ പദ്ധതിയുടെ ഭാഗമെന്നോണം പാടശേഖരങ്ങളുടെ പുറംബണ്ട് നിർമാണത്തിന് 100 കോടിയും പദ്ധതിയിൽമാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

