ഉദ്യോഗസ്ഥരെ പിൻവലിച്ചു; വാഹനങ്ങളുമില്ല, ജില്ലയിലെ പിങ്ക് പൊലീസിനെ ‘പൊളിച്ചടുക്കി
text_fieldsകോട്ടയം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷങ്ങൾ മുടക്കി ആരംഭിച്ച പിങ്ക് പൊലീസിനെ ഇല്ലാതാക്കി അധികൃതർ. പിങ്ക് പൊലീസിന്റെ വാഹനങ്ങളും നിരത്തിൽനിന്ന് അപ്രത്യക്ഷമായി. ഒരിടത്ത് വാഹനം ക്യാമ്പിലെ പൊലീസുകാരുടെ കൈയിലാണെങ്കിൽ മറ്റൊരിടത്ത് സ്റ്റേഷൻ ആവശ്യങ്ങൾക്കായി ഓടുന്നു.
ഉദ്യോഗസ്ഥരെ പിൻവലിക്കുകയും കൂടി ചെയ്തതോടെ പിങ്ക് പൊലീസിന്റെ പ്രവർത്തനം താറുമാറായി. കോട്ടയം നഗരത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തിയിരുന്നവരാണ് പിങ്ക് പൊലീസുകാർ. രാവിലെ മുതൽ രാത്രി വരെ പിങ്ക് വാഹനം നിരത്തിലുണ്ടാകുമായിരുന്നു. കോളജുകളുടെയും സ്കൂളുകളുടെയും മുന്നിലും ബസ് സ്റ്റാൻഡിലുമടക്കം പിങ്ക് പൊലീസുകാർ കരുതലുമായി കാത്തുനിന്നിരുന്നു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മോഷണം നടത്തി മുങ്ങാൻ നോക്കിയ പ്രതിയെ ഓടിച്ചിട്ടു പിടികൂടിയ ചരിത്രമുള്ള പിങ്ക്പൊലീസിനെ അധികൃതർ തന്നെ സ്റ്റേഷനകത്തൊതുക്കി. കോട്ടയം, ചങ്ങനാശ്ശേരി, പാലാ എന്നിവിടങ്ങളിലായി മൂന്നു പിങ്ക് പൊലീസ് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ഡ്രൈവർമാർ മുൻ സീറ്റിലും രണ്ട് ഓഫിസർമാർ പിൻസീറ്റിലും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ, രണ്ടു മുതൽ എട്ടു വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു ഡ്യൂട്ടി. എന്നാൽ, കോട്ടയത്ത് ഇപ്പോൾ ഒരു ഡ്രൈവറേയുള്ളൂ. രണ്ടാമത്തെയാളെ സ്ഥലംമാറ്റി. രണ്ടാമത്തെ ഷിഫ്റ്റിൽ ഓടാൻ ഡ്രൈവറില്ല. പാലായിലെ വാഹനം കുറേനാൾ വർക്ക്ഷോപ്പിലായിരുന്നു. പണി കഴിഞ്ഞിറങ്ങിയപ്പോൾ പിങ്ക് പൊലീസിനു കിട്ടിയില്ല. ക്യാമ്പിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. നിലവിൽ പാലായിൽ പിങ്ക് പൊലീസില്ല. ഇതിനു പുറമെയാണ് പിങ്ക് പൊലീസിന് സ്റ്റേഷനിൽ ഡ്യൂട്ടി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

