കല്യാണ ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധക്ക്; പണിയുണ്ടെന്നു പറഞ്ഞ് 'പണി'തരും
text_fieldsവാട്സ്ആപ്പ് സന്ദേശം വന്ന നമ്പറിലെ പ്രൊഫൈൽ ചിത്രം
കോട്ടയം: കല്യാണ ഫോട്ടോഗ്രാഫർമാർ സൂക്ഷിക്കുക. ഫോട്ടോ എടുക്കാനുണ്ടെന്നുപറഞ്ഞ് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഏതുനിമിഷവും ഹിന്ദിക്കാരന്‍റെ വാട്സ്ആപ്പ് സന്ദേശം എത്താം. ഒരു കാരണവശാലും ആ നമ്പറിൽ തിരിച്ചുവിളിക്കാതിരിക്കുക. അത് നിങ്ങൾക്കുള്ള കെണിയാണ്.
അഡ്വാൻസ് വാങ്ങിക്കാൻ അയാളുടെ ഗൂഗിൾ പേ റിക്വസ്റ്റ് സ്വീകരിച്ചാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള പണം മുഴുവൻ നഷ്ടപ്പെടും. കഴിഞ്ഞ ദിവസം കോട്ടയം വടവാതൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ ഗോകുൽ സന്തോഷിന് രണ്ടായിരം രൂപ നഷ്ടപ്പെട്ടു.
ജില്ലയിലെ മറ്റു ഫോട്ടോഗ്രാഫർമാർക്കും ഇത്തരത്തിൽ വാട്സ്ആപ്പ് സന്ദേശം എത്തിയിട്ടുണ്ട്. ഗോകുലിന്‍റെ പിതാവും ഫോട്ടോഗ്രാഫറുമായ സന്തോഷിനാണ് പ്രൊഫൈൽ ചിത്രത്തിൽ മിലിട്ടറി വേഷം ധരിച്ച അനിൽകുമാർ എന്നു പരിചയപ്പെടുത്തിയ ആൾ സന്ദേശമയച്ചത്. അയാളുടെ മകളുടെ വിവാഹമാണ് 20ന്. ഹൽദി ചടങ്ങ് 19നും. അന്ന് ഒഴിവുണ്ടോ എന്നായിരുന്നു ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ചോദ്യം. ഹിന്ദി വശമില്ലാത്തതിനാൽ സന്തോഷ് മകൻ ഗോകുലിന്‍റെ നമ്പർ നൽകി. തുടർന്ന് അയാൾ ഗോകുലിനെ വിളിച്ചു സംസാരിച്ചു. തുക ചോദിച്ചശേഷം അഡ്വാൻസ് വേണമോ എന്നുചോദിച്ചു. വേണമെന്ന് പറഞ്ഞതോടെ ഗൂഗിൾപേ വഴി ഒരു രൂപ അയക്കാൻ പറഞ്ഞു. ഇതു പ്രകാരം ഒരു രൂപ അയച്ചപ്പോൾ അയാൾ തിരിച്ച് രണ്ടു രൂപ അയച്ചു. അതു കഴിഞ്ഞ് ഫോണിൽ വിളിച്ചു. 2000 രൂപ അയച്ചിട്ടുണ്ടെന്നും പെട്ടെന്ന് റിക്വസ്റ്റ് സ്വീകരിക്കാനും ആവശ്യപ്പെട്ടു.
റിക്വസ്റ്റ് സ്വീകരിച്ചതോടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 2000 രൂപ നഷ്ടപ്പെട്ടു. അയാളെ ഫോണിൽ വിളിച്ചെങ്കിലും കൃത്യമായ മറുപടി നൽകുന്നില്ല. ഇക്കാര്യം മറ്റു ഫോട്ടോഗ്രാഫർമാരോട് പറഞ്ഞപ്പോഴാണ് തങ്ങൾക്കും അയാളിൽനിന്ന് ഇത്തരത്തിൽ വാട്സ്ആപ്പ് സന്ദേശം വന്നതായി അവർ പറഞ്ഞത്. 20ന് ആണ് വിവാഹമെന്നാണ് അവരോടും പറഞ്ഞിരിക്കുന്നത്. ഹിന്ദിയിൽ സംസാരിക്കാനറിയാത്തതുകൊണ്ടാണ് പലരും സന്ദേശങ്ങളോടു പ്രതികരിക്കാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

