നിയമസഭ തെരഞ്ഞെടുപ്പ്; പാലായിൽ കടുകട്ടി
text_fieldsകോട്ടയം: റബർ പ്രധാന വരുമാനമാർഗമായി സ്വീകരിച്ച കർഷകർ ഭൂരിപക്ഷമുള്ള ജില്ലയിലെ പ്രധാന പട്ടണവും വാണിജ്യ കേന്ദ്രവുമാണ് പാലാ. പുരാതന കാലംതൊട്ടേ നാടിന്റെ നാനാഭാഗത്തുനിന്നും ക്രൈസ്തവർ കുടിയേറി പാർത്ത സ്ഥലമാണിതെന്ന് ചരിത്രം. പാലായുടെ മണ്ണിൽ സഭയുടെ സ്വാധീനം ശക്തമാണ്. വിദ്യാലയങ്ങളും അഗതി മന്ദിരങ്ങളും സന്യാസിനി സമൂഹങ്ങളും സഭ സ്ഥാപനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് സേവന-വിശ്വാസ കേന്ദ്രങ്ങളാണ് പാലാ രൂപത സമൂഹത്തിനു നൽകിയത്. അതുകൊണ്ട് തന്നെ ക്രൈസ്തവ വോട്ടുകളാണ് പാലായുടെ ഭരണഗതി നിർണയിക്കുന്നത്.
1965ൽ മണ്ഡലം നിലവിൽ വന്നതു മുതൽ 52 വർഷം തുടർച്ചയായി കെ.എം. മാണിയുടെ തട്ടകമായിരുന്നു പാലാ. രണ്ടു തെരഞ്ഞെടുപ്പിൽ കെ.എം മാണിയെ വിറപ്പിച്ച മാണി സി. കാപ്പൻ അദ്ദേഹത്തിന്റെ മരണശേഷം 2019 സെപ്തംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലേക്കു ജയിച്ചു കയറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയുടെ മകനും കേരള കോൺഗ്രസ് ചെയർമാനുമായ ജോസ് കെ. മാണിയെ 15378 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ വീഴ്ത്തി മാണി സി. കാപ്പൻ വിജയം ആവർത്തിച്ചത് യു.ഡി.എഫ് ബാനറിലാണ്.
ആറര വർഷമായി എം.എൽ.എയായ മാണി സി. കാപ്പൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തോൽവിക്ക് കണക്ക് തീർക്കാൻ ഇറങ്ങുന്ന ജോസ് കെ. മാണി തന്നെയാണ് ഇത്തവണയും മുഖ്യ എതിരാളി. ഇത്തവണ പാലായെ എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന ബി.ജെ.പി മേഖലയിൽ ഏറെ സ്വാധീനമുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 2016 ൽ ജില്ല പ്രസിഡന്റായിരുന്ന എൻ. ഹരിയിലൂടെ പാർട്ടി 24821 വോട്ട് പിടിച്ചിരുന്നു. ത്രികോണ മത്സരത്തിൽ 50,000 വോട്ട് പിടിച്ചാൽ ജയിക്കാമെന്ന കണക്കിലാണു ബി.ജെ.പി പ്രതീക്ഷ. ക്രൈസ്തവരെയും ഹൈന്ദവരെയും കൃത്യമായി സ്വാധീനിക്കാനുള്ള തന്ത്രങ്ങളാണ് എൻ.ഡി.എ സ്ഥാനാർഥി പയറ്റുന്നത്.
വികസന ചർച്ചകളും സൈബർ ആക്രമണങ്ങളും ഒപ്പം വ്യക്തിഹത്യകളും നിറഞ്ഞ പാലായുടെ പ്രചാരണ രംഗം ഏറെ കലുഷിതമാണ്. വികസന പദ്ധതികൾ ഒന്നും നടക്കുന്നില്ലെന്നാണ് എൽ.ഡി.എഫ് ആരോപണം. വികസനത്തിന് ജോസും കൂട്ടരും തടസ്സം നിൽക്കുകയാണെന്നും സർക്കാർ പാലായെ പരിഗണിച്ചില്ലെന്നും മറുവാദമുയർത്തിയാണ് യു.ഡി.എഫ് പ്രതിരോധം. പാലാ നഗരസഭയും 12 പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലാ നിയോജകമണ്ഡലം. നഗരസഭയും ആറു പഞ്ചായത്തും ഭരിക്കുന്ന യു.ഡി.എഫിനാണു നേരിയ മുൻതൂക്കമെങ്കിലും വോട്ട് കണക്കിൽ മുന്നിലെത്തിയതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം.
ഗ്രാമീണ മേഖലയിലെ ആധിപത്യവും സാധാരണ ജനങ്ങൾക്കിടയിലുള്ള സ്വാധീനവുമാണ് കാപ്പന്റെ മെറിറ്റ്. നഗര വികസനത്തിൽ ശ്രദ്ധ ചെലുത്തിയില്ല എന്ന ആക്ഷേപവും വൻ പദ്ധതികൾ കൊണ്ടുവരാൻ കഴിയാത്തതുമാണ് പോരായ്മ. കഴിഞ്ഞ തവണത്തെ വോട്ട് ചോർച്ച തടയാൻ എൽ.ഡി.എഫും എൻ.ഡി.എയും നടത്തുന്ന പഴുതടച്ച നീക്കം വെല്ലുവിളിയാണ്. മുന്നണിമാറ്റ വിവാദങ്ങൾ സജീവമായിട്ടും ഇടതിൽ ഉറച്ചുനിന്നത് ജോസിനെ ഇടതു പാർട്ടികളിൽ വിശ്വാസ്യത കൂട്ടിയിട്ടുണ്ട്. സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം) വോട്ടുകൾ 65,000 ത്തിലേറെ വരുമെന്നും ചോർച്ച ആവർത്തിക്കില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് അദ്ദേഹം.
മാണി സി കാപ്പൻ യു.ഡി.എഫ്
രണ്ടു തവണ എം.എൽ.എ. നാലാം മത്സരം. കേരള ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ്. സിനിമ നിർമാതാവും നടനും മുൻ വോളിബാൾ താരവുമാണ്.
വാഗ്ദാനങ്ങൾ
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ എന്നിവയെ ബന്ധിപ്പിച്ച് റോഡ് ശൃംഖല. ടൂറിസം മാപ്പിൽ ഉൾപ്പടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ്, ഫുഡ് പാർക്കും കോൾഡ് സ്റ്റോറേജും, പുതിയ നൈപുണ്യവികസന കേന്ദ്രം. സന്തോം കോംപ്ലക്സ് മുതൽ ബൈപാസിലെ ആർ.വി ജങ്ഷൻ വരെ ൈഫ്ലഓവർ, നിയോജക മണ്ഡലത്തിലെ 10 ശതമാനം ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് റോഡുകളായി വികസിപ്പിക്കും. രാമപുരം, ഭരണങ്ങാനം, ഇടപ്പാടി തുടങ്ങിയ തീർഥാടക കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസ്റ്റ് സർക്യൂട്ട്, ഗ്രീൻ ടൂറിസം പദ്ധതി, അമിനിറ്റി സെന്റർ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ ആയി മാറ്റും. തോണിക്കടവിലേക്ക് തൂക്കുപാലം. ഇൻഫോപാർക്ക് മോഡലിൽ തൊഴിൽ സംരംഭങ്ങൾ.
ഭൂരിപക്ഷ പ്രതീക്ഷ
കഴിഞ്ഞ ഭൂരിപക്ഷത്തേക്കാൾ ആയിരം വോട്ടെങ്കിലും കൂടുതൽ നേടും
ജോസ് കെ. മാണി എൽ.ഡി.എഫ്
രാജ്യസഭാംഗം. കേരള കോൺഗ്രസ് എം. ചെയർമാൻ. നിയമസഭയിലേക്കു രണ്ടാം മത്സരം. രണ്ടു തവണ ലോക്സഭാംഗം.
വാഗ്ദാനങ്ങൾ
ആർ.ടി.ഒ.ഓഫീസ് ഉൾപ്പെടെ എല്ലാ ഓഫീസും നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിലേക്ക് എത്തിക്കും. പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രവർത്തനസജ്ജമാക്കും. നഗരത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെന്റർ തുറന്നുകൊടുക്കും. കളരിയാംമാക്കൽ പാലത്തിന്റെ സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുത്ത് റിങ് റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കും. റിങ് റോഡ് രണ്ടാം ഘട്ടം പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽനിന്ന് ഭരണങ്ങാനത്തേക്കുള്ള സംസ്ഥാന പാതയിലെ ചെത്തിമറ്റത്ത് എത്തിക്കും. പാലാ റിവർവ്യൂ എലിവേറ്റഡ് ബൈപാസ് പൂർത്തിയാക്കും.
നഗരസഭ സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയാക്കും. ജലജീവൻ കുടിവെള്ള പദ്ധതി പൂർത്തിയാക്കും. മീനച്ചിൽ റിവർവാലി പദ്ധതിയിലൂടെ വേനലിലും മീനച്ചിലാറ്റിൽ തെളിനീർ ഒഴുക്കും. മന്ദീഭവിച്ച ഗ്രീൻ ടൂറിസം സർക്കൂട്ട് പദ്ധതി പുനരുജ്ജീവിപ്പിച്ച് പാലായുടെ മലയോര പഞ്ചായത്തുകളിൽ തദ്ദേശ ടൂറിസം പദ്ധതികൾ ആരംഭിക്കും, തീർഥാടന കേന്ദ്രങ്ങൾക്കായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകും.
ഭൂരിപക്ഷ പ്രതീക്ഷ
നല്ല വിജയം നേടും. 16,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാണ്.
ഷോൺ ജോർജ് എൻ.ഡി.എ
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്. മുൻ ജില്ല പഞ്ചായത്ത് അംഗം. നിയമസഭയിലേക്ക് കന്നിയങ്കം
വാഗ്ദാനങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടെ പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്. മലയോര മേഖലയിൽ ഐ.സി.യു, കാർഡിയാക് സൗകര്യങ്ങളുള്ള ആബുലൻസ്. നഴ്സ് ഓൺ വീൽ പദ്ധതി പ്രകാരം പ്രായമായവർക്കും കിടപ്പ് രോഗികൾക്കും വീട്ടിൽ തന്നെ പ്രാഥമിക ചികിത്സയും പരിശോധനയും ഉറപ്പാക്കും. വരും തലമുറക്ക് സ്വന്തം മണ്ണിൽ അധ്വാനിച്ച് അന്തസോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കും. കിഴക്കൻ മേഖലകളെ ബന്ധപ്പെടുത്തി തീർഥാടക സർക്യൂട്ട് തുടങ്ങും. രാമപുരം നാലമ്പലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ്. പാലായെ ഇന്ത്യയുടെ വിദ്യാഭ്യാസം ഹബ്ബാക്കും. ലോകോത്തര ഐ.ടി. കമ്പനികളെ പാലായിൽ എത്തിക്കും.
ഭൂരിപക്ഷ പ്രതീക്ഷ:
ജയം ഉറപ്പാണ്. മികച്ച ഭൂരിപക്ഷം ഉണ്ടാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

