കൗണ്ട്ഡൗൺ, ക്ലൈമാക്സ്...നേരം ഇരുട്ടി വെളുത്താൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം
text_fieldsകോട്ടയം: യന്ത്രമനസ്സിൽ പതിഞ്ഞ ജനമനസ്സിന്‍റെ കണക്ക് അറിയാൻ 24 നാൾ നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന്‍റെ ൈക്ലമാക്സിന് ഇനി മണിക്കൂറുകൾ മാത്രം. അഞ്ചു വർഷം നാടിനെ ആരു നയിക്കും എന്നറിയാൻ തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ഫലസൂചനകളും ഉച്ചയോടെ അന്തിമഫലവും ലഭ്യമാകും. വോട്ടെണ്ണലിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
മൂന്നു മുന്നണികളും പ്രതീക്ഷയുടെ അവസാന കണക്കുകൂട്ടലിൽ സ്വപ്നം കണ്ടു കാത്തിരിക്കുമ്പോൾ രാഷ്ട്രീയ താൽപര്യമുള്ള ഏതൊരാളും ആരു ജയിക്കും എന്ന ചർച്ചയിലാണ്. വോട്ടെടുപ്പിനു ശേഷം പോളിങ് ശതമാനത്തിൽ ചുറ്റിത്തിരിഞ്ഞ കണക്കുകൂട്ടലുകൾ ഇപ്പോൾ എക്സിറ്റ് പോളുകളുടെ കൃത്യതയിലേക്ക് വട്ടംചുറ്റുകയാണ്. മിക്കവാറും എക്സിറ്റ് പോളുകൾ യു.ഡി.എഫിന്‍റെ തിരിച്ചുവരവ് പ്രവചിക്കുന്നതിനാൽ അവരുടെ ക്യാമ്പുകളിൽ ആവേശം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ, ഭൂരിപക്ഷം എക്സിറ്റ് പോളുകളും എൽ.ഡി.എഫിന്‍റെ ഗംഭീര പോരാട്ടവും ചിലതെല്ലാം തുടർഭരണത്തിന്‍റെ സാധ്യതകളും പ്രവചിക്കുന്നതിനാൽ ഇടതു ക്യാമ്പുകളിലും ആവേശം അണഞ്ഞിട്ടില്ല. പാലായിലും പൂഞ്ഞാറിലും ജയം ഉറപ്പെന്നാണ് എൻ.ഡി.എ കൂടാരത്തിൽ കുറഞ്ഞപക്ഷം സ്ഥാനാർഥികളെങ്കിലും ഉറച്ചു വിശ്വസിക്കുന്നത്.
ഏഴഴക് മോഹിച്ച് മുന്നണികൾ
കോട്ടയം ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്കോർബോർഡിൽ ഇത്തവണ വലിയ മാറ്റം വരുമെന്നും അതു തങ്ങൾക്ക് അനുകൂലമാവുമെന്നുമാണ് ഇരു മുന്നണികളുടെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞരും നേതൃത്വവും ആവർത്തിച്ച് ഉറപ്പിക്കുന്നത്. വൈക്കം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ പിടിച്ച എൽ.ഡി.എഫ് അഞ്ച്, കോട്ടയം, കടുത്തുരുത്തി, പാലാ, പുതുപ്പള്ളി കോട്ടകളുമായി യു.ഡി.എഫ് നാല് എന്നതായിരുന്നു കഴിഞ്ഞതവണത്തെ കക്ഷിനില. ഇവ നിലനിർത്തുന്നതിനൊപ്പം എതിർപക്ഷത്തിന്‍റെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുമെന്നാണ് ഇരു പക്ഷത്തിന്‍റെയും കണക്കുകൂട്ടൽ. ഏഴ് സീറ്റ് ഉറപ്പെന്ന് ഇരു മുന്നണി നേതൃത്വവും അവകാശപ്പെടുന്നു.
കൂട്ടിക്കിഴിച്ച് വിജയസ്വപ്നങ്ങൾ
കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി സീറ്റുകളിൽ സിറ്റിങ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും ചാണ്ടി ഉമ്മന്‍റെയും മോൻസ് ജോസഫിന്‍റെയും ഭൂരിപക്ഷത്തിൽ മാത്രമേ സംശയമുള്ളൂവെന്നു പറഞ്ഞ് യു.ഡി.എഫ് ജയം ഉറപ്പിക്കുകയാണെങ്കിലും കോട്ടയത്ത് സി.പി.എമ്മിലെ കെ. അനിൽ കുമാറും കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മിയും പ്രതീക്ഷ കൈവിട്ടിട്ടില്ല.
സംസ്ഥാനത്തൊട്ടാകെ 12 സീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് എം ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന കാഞ്ഞിരപ്പള്ളിയിൽ ഒരു അട്ടിമറിയും നടക്കില്ല എന്ന് എൽ.ഡി.എഫ് ഉറപ്പിക്കുമ്പോൾ 1500 വോട്ടിനെങ്കിലും ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് പ്രഫ. റോണി കെ. ബേബിയും യു.ഡി.എഫും.
ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന്‍റെ വിജയത്തിൽ എൽ.ഡി.എഫിനു തെല്ലുമേ സംശയമില്ലെങ്കിലും നാലര പതിറ്റാണ്ടിനു ശേഷം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ ലഭിച്ച കോൺഗ്രസ് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ മുന്നേറ്റ പ്രതീക്ഷയിലാണ്. ഏറ്റുമാനൂർ നഗരസഭയിലും അതിരമ്പുഴ പഞ്ചായത്തിലും മികച്ച ലീഡ് നേടുമെന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന്‍റെ ലീഡ് വൻതോതിൽ ഇടിക്കുന്നതിലൂടെ ജയം ഉറപ്പാണെന്നുമാണ് കോൺഗ്രസിന്‍റെ സ്വപ്നങ്ങൾ.
പാലാക്കു വേണ്ടപ്പെട്ട രണ്ടു മാണിമാർ മത്സരിക്കുമ്പോൾ അവർക്കൊപ്പം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജിനും വിജയത്തിൽ സംശയമില്ല. കഴിഞ്ഞ തവണത്തേതിൽനിന്നു വ്യത്യസ്തമായി സി.പി.എം കേഡറുകളും മാണി വിഭാഗം പ്രവർത്തകരും ഒന്നായി ഇഴുകിച്ചേർന്നു നടത്തിയ പ്രചാരണ പ്രവർത്തനത്തിനു റിസൽട്ട് ഉണ്ടാവുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ അടുത്തറിയുന്ന പാലാക്കാർ തന്നെ ജയിപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മാണി സി. കാപ്പൻ.
മുൻ സി.പി.ഐ എം.എൽ.എ കെ. അജിത്തിന്‍റെ താമര ചിഹ്നത്തിലൂടെ സംസ്ഥാനത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമായ വൈക്കത്ത് മുന്നണിയുടെ കുത്തക കരുത്തിൽ എൽ.ഡി.എഫ് ഉറച്ചജയം കണക്കുകൂട്ടുമ്പോൾ സ്ഥാനാർഥിയുടെ ജനകീയതയുടെ ബലത്തിൽ യു.ഡി.എഫ് അട്ടിമറിമോഹം കൈവെടിഞ്ഞിട്ടില്ല. എൽ.ഡി.എഫിന്‍റെ സിറ്റിങ് എം.എൽ.എമാർ അനായാസജയം ഉറപ്പിച്ചിരുന്ന ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും അവസാന ലാപ്പിലെ കുതിപ്പിൽ ജയം തിരിച്ചുപിടിച്ചു എന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

