അറവുപുഴ തൂക്കുപാലം; പഞ്ചായത്ത് 3.20 ലക്ഷം അനുവദിച്ചു
text_fieldsകോട്ടയം: അറവുപുഴ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിക്ക് തിരുവാർപ്പ് പഞ്ചായത്ത് 3.20 ലക്ഷം അനുവദിച്ചു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഭരണസമിതി അവസാന ബജറ്റിലാണ് തുക അനുവദിച്ചത്. ഏറെ നാളത്തെ നാട്ടുകാരുടെ ആവശ്യമായിരുന്നു പാലം യഥാസമയം അറ്റകുറ്റപണി നടത്തി സംരക്ഷിക്കണമെന്നത്.
കോട്ടയം മുനിസിപ്പാലിറ്റിയെയും തിരുവാർപ്പ് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് താഴത്തങ്ങാടിയിൽ മീനച്ചിലാറിനു കുറുകെ പാലം പണിതത് 15 വർഷം മുമ്പാണ്. താഴത്തങ്ങാടി ബസ് അപകടത്തിനുശേഷമാണ് ദുരന്തനിവാരണ അതോറിറ്റി നിർദേശപ്രകാരം 30 മീറ്ററിലധികം നീളത്തിൽ തൂക്കുപാലം നിർമിച്ചത്. മൂന്നു വർഷം കൂടുമ്പോൾ അറ്റകുറ്റപ്പണി നടത്തിയാലേ പൂർണമായി റോപ്പിൽ നിർമിച്ച പാലം കേടുപാടില്ലാതെ നിലനിൽക്കൂ. എന്നാൽ, പാലം സംബന്ധിച്ച് കോട്ടയം മുനിസിപ്പാലിറ്റിയും പഞ്ചായത്തും തമ്മിൽ ഉടലെടുത്ത അവകാശത്തർക്കം കാരണം ആറുവർഷത്തിന് ശേഷമാണ് ആദ്യ അറ്റകുറ്റപ്പണി നടന്നത്. പാരാ ലീഗൽ വളന്റിയർ അബ്ദുൽ ലത്തീഫ് മാനത്തുകാട് നൽകിയ പരാതിയെതുടർന്ന് ലീഗൽ സർവിസസ് അതോറിറ്റി ഇടപെട്ടു.
പാണംപടി പാലം നഗരസഭയുടെയും അറവുപുഴ പാലം പഞ്ചായത്തിന്റെയും അധികാരപരിധിയിൽ കൊണ്ടുവരാൻ ധാരണയാവുകയായിരുന്നു. 2015ലാണ് ആദ്യ അറ്റകുറ്റപ്പണി നടന്നത്. പിന്നീട് ഒരിക്കൽ കൂടി അറ്റകുറ്റപ്പണി നടന്നു. അറ്റകുറ്റപ്പണി കൃത്യമായി നടക്കാത്തതിനാൽ അബ്ദുൽ ലത്തീഫ് വീണ്ടും പരാതി നൽകി. നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

