വേതനം തുച്ഛം; അടച്ചുപൂട്ടൽ ഭീഷണിയിൽ അംഗൻവാടി കം ക്രഷുകൾ
text_fieldsകോട്ടയം: സ്വകാര്യ ഡേ കെയറുകൾക്ക് സമാനമായി പകൽ കുഞ്ഞുങ്ങൾക്ക് പരിചരണം നൽകാനുള്ള സർക്കാർ സംവിധാനമായ അംഗൻവാടി കം ക്രഷുകളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള വേതനത്തിൽ അധ്യാപികമാരെയും ഹെൽപർമാരെയും കിട്ടാത്തതാണ് കാരണം. സംസ്ഥാനത്ത് 304 അംഗൻവാടി കം ക്രഷുകൾക്ക് അനുമതി നൽകിയതിൽ ജില്ലക്ക് ആദ്യഘട്ടത്തിൽ 15 എണ്ണമാണ് അനുവദിച്ചത്.
ഈ വർഷം ആദ്യം തുടങ്ങിയ പത്തിൽ ആറെണ്ണം മാത്രമാണ് നിലവിൽ ജീവനക്കാരോടെ പ്രവർത്തിക്കുന്നത്. അധ്യാപികമാരും ഹെൽപർമാരും വേതനത്തിന്റെ പേരിൽ രാജിവെച്ചു പോയതാണ് കാരണം. രണ്ടാം ഘട്ടത്തിൽ 15 അംഗൻവാടി കം ക്രഷുകൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും അവ എങ്ങനെ തുടങ്ങുമെന്ന ആശയക്കുഴപ്പത്തിലാണ് വനിത-ശിശു സംരക്ഷണ വകുപ്പ്.
12 മണിക്കൂർ ജോലി, പരിമിത വേതനം
കേന്ദ്ര സർക്കാറിന്റെ ‘പാൽന’ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് അംഗൻവാടി കം ക്രഷുകൾ പ്രവർത്തിക്കുന്നത്. നിലവിലെ അംഗൻവാടികളോട് ചേർന്നാണു പ്രവർത്തനം. അംഗൻവാടി അധ്യാപികക്കും ഹെൽപർക്കും പുറമെയാണ് ക്രഷിലെ അധ്യാപികയും ഹെൽപറും. അംഗൻവാടി പ്രവർത്തനം രാവിലെ ഒമ്പതു മുതൽ മൂന്നു വരെ ആണെങ്കൽ ക്രഷുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കണം.
ടീച്ചർക്ക് 5,500 രൂപയും ഹെൽപർക്ക് 3,000 രൂപയുമാണ് മാസ ശമ്പളം. ഇവർ അതത് വാർഡിൽനിന്നുള്ളവരാകണം. 12 മണിക്കൂർ ജോലിക്ക് ഇത്ര ചെറിയ ശമ്പളത്തിൽ ജോലിചെയ്യാൻ പലരും സന്നദ്ധരല്ല. കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കിയുള്ള വേതന വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിത ശിശു വികസന വകുപ്പ് ജില്ല ഓഫിസുകൾ സംസ്ഥാന സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.
എന്തുകൊണ്ട് ക്രഷുകൾ
വനിതകളെ തൊഴിലിന് പ്രേരിപ്പിക്കുകയും സാമ്പത്തികമായി സ്വാശ്രയരാക്കുകയും ചെയ്യുകയാണ് ക്രഷുകളുടെ മുഖ്യലക്ഷ്യം. തൊഴിലെടുക്കുന്ന അമ്മമാരാണ് ഏറ്റവും വലിയ ഗുണഭോക്താക്കൾ. വിശേഷിച്ചും സിംഗിൾ പേരന്റ് ആയ അമ്മമാർ. കുട്ടികളെ പരിപാലിക്കാൻ അനുകൂല ഗൃഹാന്തരീക്ഷം ആവില്ല പല കുടുംബങ്ങളിലും. ചിലയിടങ്ങളിൽ ഭാര്യയും ഭർത്താവും ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ ആളില്ലാതാകും.
എല്ലാവർക്കും സ്വകാര്യ ഡേ കെയർ സെന്ററുകളിലെ ഉയർന്ന ഫീസ് താങ്ങാൻ കഴിയണമെന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ മുൻകൈയിൽ ക്രഷുകൾക്ക് തുടക്കമിട്ടത്. ശാരീരിക-മാനസിക വികാസം ഉറപ്പുവരുത്തുന്ന ആരോഗ്യകരമായ ഭക്ഷണക്രമം, ചെറു വ്യായാമശീലങ്ങൾ, കളികൾ എന്നിവയിലൂടെ കുഞ്ഞുങ്ങളുടെ വളർച്ചക്ക് ഏറെ സഹായകരമാകുന്ന സംവിധാനമാണ് ഇവ.
ഇല്ലാതായി ശിശുക്ഷേമസമിതി ക്രഷുകൾ
കഴിഞ്ഞ മാർച്ച് വരെ ജില്ല ശിശുക്ഷേമസമിതിക്ക് കീഴിലും വിവിധ എൻ.ജി.ഒകൾക്ക് കീഴിലും സൗജന്യ ഡേ കെയർ സേവനം നൽകുന്ന ക്രഷുകൾ പ്രവർത്തിച്ചിരുന്നു. ശിശുക്ഷേമ സമിതിക്ക് കീഴിൽ പത്തും വിവിധ എൻ.ജി.ഒകൾക്ക് കീഴിൽ 15ഉം ക്രഷാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഏതാനും വർഷമായി ഇവക്കുള്ള ഫണ്ട് വെട്ടിക്കുറച്ച കേന്ദ്രം പിന്നീട് അതു നിർത്തി.
രക്ഷിതാക്കളിൽനിന്ന് ചെറിയ ഫീസ് വാങ്ങിയും സ്വകാര്യ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ധനസഹായം സ്വീകരിച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇവിടങ്ങളിലെ ജീവനക്കാരെ അംഗൻവാടി കം ക്രഷുകളിലേക്ക് മാറ്റിനിയമിക്കുന്ന സാധ്യത വനിത ശിശു വികസന വകുപ്പ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

