മിനിലോറി തകർത്തത് ജീവിതം; എഴുന്നേറ്റുനിൽക്കാൻ നാടിന്റെ കനിവുതേടി അനീഷ്
text_fieldsഅനീഷ്
വലവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ 27 കാരൻ ചികിത്സസഹായം തേടുന്നു. വലവൂർ വലിയമഠത്തിൽ അനീഷാണ് വേദനയിൽ കഴിയുന്നത്. തൊടുപുഴയിൽ ടയർ ബസാർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനീഷ് കഴിഞ്ഞ ആഗസ്റ്റ് 23ന് ജോലികഴിഞ്ഞ് ബൈക്കിൽ മടങ്ങുംവഴി മിനിലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് ഏറെനേരം റോഡിൽ കിടന്നു.
മണിക്കൂറുകൾ കഴിഞ്ഞ് അതുവഴിവന്ന ചിലരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. വലതുകാലും കൈയും ചതഞ്ഞ് ആഴത്തിൽ മുറിവേറ്റിരുന്നു. സർജറി നടത്തിയെങ്കിലും മറ്റൊരാളുടെ സഹായത്തിലേ നിവർന്നു നിൽക്കാനാവൂ. വലതുകൈയുടെ ചലനശേഷി പൂർണമായി നഷ്ടപ്പെട്ടു. ഞരമ്പുകളെല്ലാം മുറിഞ്ഞുപോയ വലതുകൈക്ക് വിദഗ്ധ ചികിത്സ ഉടൻ നടത്തിയില്ലെങ്കിൽ മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
തൃശൂർ എലൈറ്റ് ആശുപത്രി, കോയമ്പത്തൂർ ഗംഗ ആശുപത്രി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ മാത്രമാണ് വിദഗ്ധ ചികിത്സയുള്ളത്. ഇതിന് 10 ലക്ഷം രൂപയിലധികം ചെലവുവരും. അച്ഛനും അമ്മയും ജ്യേഷ്ഠനും കൂലിവേല ചെയ്തും അയൽക്കാരുടെ സഹായത്താലുമാണ് ഇത്രയും നാൾ അനീഷിന്റെ ചികിത്സ നടത്തിയിരുന്നത്.
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു എം.കോം ബിരുദധാരിയായ അനീഷ്. അനീഷിനെ ഇടിച്ചുതെറിപ്പിച്ച മിനിലോറി എന്നു കരുതുന്ന വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നമ്പർ വ്യക്തമായി കാണാൻ കഴിയാത്തതാണ് കാരണമെന്ന് പാലാ പൊലീസ് പറയുന്നു. നാടിന്റെ കനിവുതേടി അനീഷിന്റെ ശസ്ത്രക്രിയക്കായി എസ്.ബി.ഐ വലവൂർ ബ്രാഞ്ചിൽ ജ്യേഷ്ഠൻ അജേഷിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67105357977, IFSC - SBIN0070539. ഫോൺ: 9747646846, 7025650249.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

