നിയന്ത്രണംവിട്ട കാർ ഓട്ടോയിലും കാറുകളിലും ഇടിച്ച് അപകടം
text_fieldsതലയോലപ്പറമ്പ്: പൊട്ടൻചിറയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോയിലും രണ്ട് കാറുകളിലും ഇടിച്ച് അപകടം. രണ്ട് ഓട്ടോയാത്രികർക്കും ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോയാത്രികരായ നാട്ടകം സ്വദേശിനി സുമതി (59), കൊല്ലം സ്വദേശിനി ശ്യാമള (57) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഓട്ടോഡ്രൈവർ വടയാർ സ്വദേശി ഷാജി യെ(54) വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുമതിക്കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.
ശനിയാഴ്ച വൈകീട്ട് നാലോടെ പൊട്ടൻചിറയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടം. വൈക്കത്തുനിന്ന് അമിതവേഗത്തിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. കല്ലറ മാൻവെട്ടം സ്വദേശിയായ 18കാരൻ ഓടിച്ച കാർ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ എതിരെവന്ന പാസഞ്ചർ ഓട്ടോയിലും തുടർന്ന് നിയന്ത്രണംവിട്ട കാർ പിന്നാലെ വന്ന മറ്റൊരു കാറിലും റോഡരികിൽ നിർത്തിയിട്ട കാറിലും ഇടിച്ചശേഷമാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെയും കാറുകളുടെയും മുൻവശം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.

