കോട്ടയം ജില്ലയിൽ തപാൽ ഉരുപ്പടികൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപം
text_fieldsകോട്ടയം: തപാൽ ഉരുപ്പടികൾ കൃത്യമായി വിലാസക്കാർക്ക് ലഭിക്കുന്നില്ലെന്ന് പരാതി. ജില്ലയിലെ ചില പോസ്റ്റ് ഓഫിസ് പരിധികളിലാണ് കത്തുകളും ബുക്ക്പോസ്റ്റുകളും വൈകുന്നതായി ആക്ഷേപമുള്ളത്. വേണ്ടത്ര ജീവനക്കാരില്ലാത്തതും ചില പോസ്റ്റ്ഓഫിസുകളുടെ പരിധി ഏറെ വിസ്തൃതമായതുമാണ് വൈകലിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പല പ്രധാന കത്തുകളും കൃത്യമായി ലഭിക്കാത്തത് ഉടമകൾക്കും ദുരിതമാകുകയാണ്.
കൂടുതൽ ഏരിയയുള്ള പോസ്റ്റ് ഓഫിസുകൾ വിഭജിക്കുകയോ കൂടുതൽ ജീവനക്കാരെ നിയമിക്കുകയോ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും തുടർനടപടിയുണ്ടാകുന്നില്ല. സാധാരണ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ ഒരു പോസ്റ്റ്മാസ്റ്ററും രണ്ട് പോസ്റ്റുമാൻമാരുമാണുള്ളത്. എന്നാൽ, ഇവർക്ക് താാങ്ങാവുന്നതിലധികമാണ് ചിലയിടങ്ങളിലെ ജോലി ഭാരം.
ഇത്തരത്തിൽ വിസ്തൃതികൂടിയ പെരുമ്പായിക്കാട് അടക്കമുള്ള പോസ്റ്റ് ഓഫിസുകൾ വിഭജിക്കണമെന്ന് ആവശ്യം പതിവായി ഉയരുന്നുണ്ടെങ്കിലും തീരുമാനങ്ങളില്ല.ഉരുപ്പടികൾ കെട്ടിക്കിടക്കുന്നതിനാൽ ജോലി സംബന്ധമായ അറിയിപ്പുകൾ, വിവിധ കത്തുകൾ, ആധാർ കാർഡ് അടക്കമുള്ള രേഖകൾ എന്നിവ ലഭിക്കാതെ നാട്ടുകാർ ദുരിതത്തിലാണ്. വിവിധ പോസ്റ്റ്ഓഫിസുകളിൽ ബുക്ക് പോസ്റ്റ് ഉൾപ്പെടെ കെട്ടിക്കിടക്കുന്നുണ്ട്.
വിവിധ സർവിസ് സംഘടനകളുടെയും പാർട്ടികളുടെയും സംഘടനകളുടെയും ബുക്ക്പോസ്റ്റുകളാണ് വൈകുന്നത്. ഇത് സ്ഥിരം വായനക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബുക്ക് പോസ്റ്റ് പലപ്പോഴും ചില പോസ്റ്റ്മാൻമാർ മാറ്റിവെക്കുന്നതായും കാര്യക്ഷമായി വിതരണം ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. ചില ബുക്ക്പോസ്റ്റുകൾ കടകളിലും മറ്റും കൂട്ടത്തോടെ ഇടുന്നതായും പരാതികൾ ഉയരുന്നുണ്ട്. ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ അയക്കുന്ന കത്തുകൾ കൃത്യസമയത്ത് കിട്ടാത്തത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.
തപാൽ ഉരുപ്പടികൾക്കൊപ്പം ബിസിനസ് നോട്ടീസുകൾ അടക്കമുള്ളവ വിതരണം ചെയ്യേണ്ടി വരുന്നതായി ജീവനക്കാരും പറയുന്നു. ഇതുമൂലം എല്ലായിടത്തേക്കും വേഗത്തിൽ എത്താൻ കഴിയാത്ത സ്ഥിതിയാണ്. പരമാവധി വേഗത്തിൽതന്നെ തപാൽ വിതരണം നടത്തുന്നുണ്ടെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

