ഇവർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കഥകൾ മാത്രം
text_fieldsകൊരണ്ടിത്തറ സാജൻ ഫിലിപ്പ് കിടപ്പുരോഗിയായ അമ്മക്കൊപ്പം. ഇദ്ദേഹത്തിന്‍റെ
പറമ്പിലാണ് പ്രതിഷേധത്തിനൊടുവിൽ
കെ-റെയിലിന് കല്ലിട്ടത്
കോട്ടയം: മാടപ്പള്ളി പള്ളിപ്പറമ്പിൽ ഏലിയാമ്മയുടെ കുടുംബം കഴിയുന്നത് പശുവിനെ വളർത്തിയാണ്. എട്ട് പശുക്കളുള്ളതിൽ നാലെണ്ണത്തിനു കറവയുണ്ട്. രാവിലെയും വൈകീട്ടും 12 ലിറ്റർ പാൽ വീതം കിട്ടും. വീടിനോടു ചേർന്ന് ചെറിയ കടയുണ്ടെങ്കിലും വരുമാനമില്ല.
നാലുവർഷം മുമ്പ് വായ്പയെടുത്താണ് വീട് പണിതത്. തിരിച്ചടവ് പൂർത്തിയായിട്ടില്ല. ആദ്യം കെ-റെയിൽ ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത് ഏലിയാമ്മയുടെ വീടിനു മുന്നിലാണ്. പ്രതിഷേധത്തെത്തുടർന്ന് ഇവിടെ കല്ലിടാതെ റീത്തുപള്ളിപ്പടിയിലേക്ക് പോവുകയായിരുന്നു. 15 സെന്‍റ് സ്ഥലമാണ് ഇവർക്കുണ്ടായിരുന്നത്. മുന്നിലും വശത്തും വഴി നൽകിയതോടെ 12 സെന്‍റേ ഇപ്പോൾ ഉള്ളൂ. അതുംകൂടി പോകുന്ന അവസ്ഥയാണിപ്പോൾ. ഏലിയാമ്മയുടെ മകൻ ജീമോനും ഭാര്യ ജയിനും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയവരിലൊരാളാണ് ജീമോൻ. ഏലിയാമ്മയുടെ സഹോദരന്‍റെ മകൻ ജോമോനെയും അറസ്റ്റ് ചെയ്തിരുന്നു.
പള്ളിപ്പറമ്പിൽ ഏലിയാമ്മ തന്റെ വീടിനുമുന്നിൽ. കെ-റെയിൽ വരുമ്പോൾ ഇവരുടെ വീടും സ്ഥലവും നഷ്ടപ്പെടും
തെങ്ങണയിൽ ചെരിപ്പുകട നടത്തുന്ന ലിജു കാൻസർ ബാധിതയായ അമ്മയുടെ ചികിത്സക്ക് വായ്പക്കായി ചെന്നപ്പോഴാണ് തങ്ങളുടെ ഭൂമി സിൽവർലൈൻ പാതക്കായി ഏറ്റെടുക്കുകയാണെന്നറിഞ്ഞത്. പദ്ധതിയുടെ പരിധിയിലായതിനാൽ വായ്പ കിട്ടിയില്ല. കടത്തിനു മുകളിൽ കടമായാണ് നിൽക്കുന്നത്. എട്ടുസെന്‍റ് സ്ഥലമാണ് ആകെയുള്ളത്. പ്രതിഷേധസ്ഥലത്ത് ലിജുവിന്‍റെ ഭാര്യ സിനിയുമുണ്ടായിരുന്നു. സിനിയുടെ കൈക്ക് പൊലീസിന്‍റെ ലാത്തികൊണ്ടുള്ള കുത്തേറ്റു. സിനിയുടെ വീടടക്കം ഇറ്റലിമഠത്തിനുതാഴെ 12 വീടുകളാണ് നഷ്ടമാവുക. എല്ലാം അഞ്ചും പത്തും സെന്‍റിലുള്ളവ.
പോളക്കൽ ഫിലോമിനയുടെ മകൻ സിജോമോന്‍റെ അഞ്ചുസെന്‍റ് സ്ഥലത്തെ വീടിനു നടുവിലൂടെയാണ് നിർദിഷ്ട പാത കടന്നുപോവുന്നത്. 24 വർഷം വിദേശത്ത് കഷ്ടപ്പെട്ട സമ്പാദ്യം കൂട്ടിവെച്ച് 12 വർഷം മുമ്പാണ് കെ.വി. ജോസഫ് മാടപ്പള്ളിയിൽ വീട് വാങ്ങിയത്. ആ വീടാണ് കെ-റെയിലിനായി വിട്ടുകൊടുക്കേണ്ടത്. ആലുമ്മൂടൻ ബിൻസി ബിനോയി, മുരിയംകാവുങ്കൽ ലിജി, കൈനിക്കര ഏലിയാമ്മ, കോണുമടക്കൽ ലിജി, കൊരണ്ടിത്തറ സാജൻ തുടങ്ങിയവർക്കെല്ലാം പറയാനുള്ളത് നഷ്ടങ്ങളുടെ കഥകൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

