പോളമൂടി വേമ്പനാട്ട് കായൽ; ജീവിതം മങ്ങി തൊഴിലാളികൾ
text_fieldsപോള നിറഞ്ഞ വേമ്പനാട്ട് കായൽ. വൈക്കത്തുനിന്നുള്ള ദൃശ്യം
കുമരകം/വൈക്കം: കായലിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്ന തൊഴിലാളികൾ... ടൂറിസത്തിന്റെ അഴകിൽ പ്രൗഢി വിളിച്ചറിയിക്കുന്ന പ്രദേശങ്ങൾ... എന്നാൽ ഇവർക്ക് വില്ലനാവുകയാണ് വേമ്പനാട്ട് കായലിൽ തിങ്ങിവളരുന്ന ജർമൻ പോള. കുമരകം, വൈക്കം പ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഉപജീവനത്തിന് ആശ്രയിക്കുന്നത് കായലിനെയാണ്. മീന്‍പിടിച്ചും കക്ക വാരിയും കട്ടകുത്തിയും ഹൗസ് ബോട്ടില്‍ പണിയെടുത്തും ലഭിക്കുന്ന വരുമാനം കൊണ്ടാണ് സാധാരണക്കാര്‍ കുടുംബം പോറ്റുന്നത്. ഏതാനും വര്‍ഷമായി വര്‍ധിച്ചുവരുന്ന പോളശല്യം കായല്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. തണ്ണീര്‍മുക്കം ബണ്ട് നിര്‍മിച്ചതോടെയാണ് പോളശല്യം അമിതമായത്.
കായലിൽ കുരുങ്ങി ബോട്ടുകൾ
തൊഴിലാളികള്‍ക്ക് മാത്രമല്ല വിനോദസഞ്ചാര മേഖലക്കും ജലഗതാഗതത്തിനും പോള വില്ലനായി. ജലഗതാഗത വകുപ്പിന്റെ മുഹമ്മ-കുമരകം ബോട്ട് സർവീസ് ഇപ്പോൾ കായൽ തീരത്ത് അവസാനിപ്പിക്കുകയാണ്. വർഷങ്ങളായി ഒക്ടോബർ മാസങ്ങളിൽ കായലിലെ ഈഭാഗത്ത് പോളശല്യം അതിരൂക്ഷമാണ്. കഴിഞ്ഞദിവസം സ്വകാര്യഹോട്ടലിൽനിന്ന് കായൽ യാത്രക്ക് ഹൗസ്ബോട്ടിൽ പോയ സഞ്ചാരികൾ യാത്രചെയ്ത ബോട്ട് പോളയിൽ കുടുങ്ങി കരക്ക് എത്താതെ മണിക്കൂറുകളോളം കായലിൽ അകപ്പെട്ടിരുന്നു. ഒടുവിൽ മുഹമ്മയിൽനിന്ന് ജലഗതാഗത വകുപ്പിന്റെ റെസ്ക്യൂ ബോട്ട് എത്തിയാണ് സഞ്ചാരികളെ കരയിലെത്തിച്ചത്. നിലവിൽ കുമരകം ബോട്ടുജെട്ടി മുതൽ നാലുപങ്ക് വരെ പോളശല്യം വ്യാപകമാണ്.
കായലോര മേഖലയായ ടി.വി. പുരം, നേരേകടവ്, ചെമ്പ്, വെച്ചൂർ, തലയാഴം പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് കായലിലേക്ക് ഇറങ്ങാനാവാത്ത അവസ്ഥയാണ്. വള്ളങ്ങൾ കായലിലൂടെ സുഗമമായി കൊണ്ടുപോകാൻ കഴിയുന്നില്ല. തൊഴിലുറപ്പ് പാക്കേജിലും കുട്ടനാട് പാക്കേജിലും ഉൾപ്പെടുത്തി പായൽ നീക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം നടപ്പായിട്ടില്ല. പ്രൊപ്പല്ലറിൽ പോള കുരുങ്ങുന്നത് മൂലം വൈക്കം - തവണക്കടവ് സർവീസ് നടത്തുന്ന ബോട്ടുകൾക്ക് ജെട്ടിയിലേക്ക് അടുപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ബോട്ടിന്റെ അടിയിൽ കുരുങ്ങിയ പോള നീക്കിയ ശേഷമേ യാത്ര തുടരാനാകൂ. ഇത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കാണാമറയത്ത് പോള വാരല്‍ യന്ത്രം
പോള നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലപ്രദമായില്ല. ജില്ല പഞ്ചായത്ത് പോളവാരല്‍ യന്ത്രം വാങ്ങി ഏതാനും വര്‍ഷം മുമ്പ് കുമരകത്ത് എത്തിച്ചിരുന്നു.
ജെട്ടി തോട്ടില്‍ പോളവാരല്‍ ഉദ്ഘാടനവും നടത്തി. എന്നാല്‍ അധികം വൈകാതെ കേടായി വള്ളാറ പള്ളിയുടെ കടവില്‍ കെട്ടിയിട്ടു. ആരും നോക്കാതെ മാസങ്ങളായി ചലനമറ്റു കിടന്ന പോളവാരല്‍ യന്ത്രം കാടും വള്ളിയും കൈയടക്കി. പ്രതിഷേധം വര്‍ധിച്ചതോടെ നന്നാക്കാനായി കൊണ്ടുപോയി. പിന്നീട് ഈ യന്ത്രം തിരിച്ചെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

