മദ്യപാനം, മോഷണം, പള്ളിയിൽ കൂട്ടമണി, ക്ലൈമാക്സായി വാഹനാപകടവും; ഒടുവിൽ കവർച്ച കേസ് പ്രതി പിടയിൽ
text_fieldsപത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച് യുവാവിനെ ആസൂത്രിതമായി മദ്യപിപ്പിച്ച് ബോധം കെടുത്തിയശേഷം കവർച്ച നടത്തി മുങ്ങിയ പ്രതി അപകടത്തിൽപെട്ട് ആശുപത്രിയിലായി. അപകടവിവരം അറിയാൻ ആശുപത്രിയിലെത്തിയ പൊലീസിനോട് മോഷണവിവരം തുറന്നു പറഞ്ഞതോടെ പ്രതി അറസ്റ്റിലായി. സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത് കീഴ്വായ്പൂര്, കോന്നി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ്.
മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയിൽ പ്രഭനാണ് (34) കഥയിലെ വില്ലൻ. കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടിൽ തരുൺ തങ്കച്ചൻ പെരുമാൾ (35) കഥയിലെ നായകനും. കഴിഞ്ഞ ദിവസം വൈകീട്ട് മുരണി ഓർത്തഡോക്സ് പള്ളിയിൽ കൂട്ടമണിയടിച്ച ഒരാളെ വിശ്വാസികളും നാട്ടുകാരും ചേർന്ന് പിടിച്ചുവെച്ചിരിക്കുന്നു എന്ന് കീഴ്വായ്പൂര് എസ്.ഐ സുരേന്ദ്രന് ലഭിച്ച ഫോൺ സന്ദേശത്തോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പ്രബേഷൻ എസ്.ഐ ജയകൃഷ്ണൻ നായരും സംഘവും സ്ഥലത്ത് എത്തി. ആളുകൾ വളഞ്ഞുവെച്ച യുവാവ് മദ്യപിച്ച് വശം കെട്ട നിലയിലായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ സർവതും നഷ്ടപ്പെട്ട ദുരവസ്ഥയിലാണ് പള്ളിയിൽ കൂട്ടമണി അടിച്ചതെന്ന് ഏറ്റുപറഞ്ഞു.
വിശദകഥ ഇങ്ങനെ...
ഉച്ചക്ക് ഒരുമണിയോടെ തരുണിനെ സമീപിച്ച പ്രതി പ്രഭൻ നേരേ മല്ലപ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് വാങ്ങിയ മദ്യം അടുത്തുള്ള തോട്ടത്തിലിരുന്ന് കുടിച്ചു. പിന്നീട് രണ്ട് ലിറ്ററോളം കൂടി തരുണിനെക്കൊണ്ട് വാങ്ങിപ്പിച്ചശേഷം പ്രതിയുടെ വീട്ടിലെത്തിച്ച് അവിടെ വെച്ചും മദ്യപിച്ചു. അമിതമായി മദ്യം അകത്തുചെന്ന് തരുൺ അബോധാവസ്ഥയിലായി എന്ന് ഉറപ്പായപ്പോൾ തിരിച്ചറിയൽ കാർഡ്, എ.ടി.എം കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പഴ്സ്, പോക്കറ്റിലിരുന്ന 18000 രൂപ, 85000 രൂപ വിലവരുന്ന മൊബൈൽ ഫോൺ, റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് ബൈക്ക് എന്നിവ കവർന്ന് സ്ഥലംവിട്ടു. വീട്ടിൽ ഭക്ഷ്യസംസ്കരണ യൂനിറ്റ് നടത്തുകയാണ് അഭിഭാഷകൻ കൂടിയായ തരുൺ.
ക്യൂ നിൽക്കാതെ മദ്യം വാങ്ങി സഹായിക്കുന്നതിന്‍റെ പരിചയം മാത്രമാണ് തരുണിന് പ്രതിയുമായി ഉള്ളത്. കഥ കേട്ട പൊലീസ് യുവാവിനെയും കൂട്ടി സ്റ്റേഷനിലെത്തി സമാധാനപ്പെടുത്തിയിരുത്തി മൊഴി വിശദമായി രേഖപ്പെടുത്തിയശേഷം കവർച്ചക്ക് കേസെടുത്തു. എല്ലാ സ്റ്റേഷനിലേക്കും സന്ദേശം പോയി. എസ്.ഐ സുരേന്ദ്രൻ, അപഹരിച്ച ഫോണിന്‍റെ ലൊക്കേഷൻ എടുക്കാൻ സൈബർ സെല്ലിന്‍റെ സഹായവും തേടി. ഇതുവഴി പ്രതിയുടെ യാത്രയെക്കുറിച്ച് പൊലീസിന് ഏറക്കുറെ സൂചന ലഭിച്ചു. അതിനിടയിലാണ് അപകടം. കവർച്ചമുതലുമായി ബൈക്കിൽ കടക്കാനുള്ള പാച്ചിലിനിടെ കോന്നിയിൽവെച്ച് ബൈക്ക് എക്സ്കവേറ്ററിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. കോന്നിയിൽ റോഡുപണി ചെയ്യുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ എക്സ്കവേറ്ററാണ് പ്രതിയുടെ വഴിമുടക്കിയത്.
തുടയിലും വയറ്റിലുമൊക്കെ പരിക്കേറ്റ ഇയാളെ സ്ഥലത്തുണ്ടായിരുന്ന കമ്പനി ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം വിവരം അവർ കോന്നി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തി കാര്യം തിരക്കിയപ്പോൾ പ്രതി എല്ലാം വെളിപ്പെടുത്തി. തുടർന്ന്, കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ അവർ അറിയിച്ചതുപ്രകാരം, കീഴ്‌വായ്‌പൂര് പൊലീസ് സംഘം എത്തി തിരിച്ചറിയുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രഭന്‍റെ പക്കൽനിന്ന് മൊബൈൽ ഫോണും വിവിധ കാർഡുകൾ അടങ്ങിയ പഴ്സും 17410 രൂപയും ബൈക്കും കണ്ടെടുത്തശേഷം കീഴ്‌വായ്‌പൂര് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഭാര്യയുമായി പിണങ്ങി ഒറ്റക്ക് കഴിയുന്ന പ്രതി അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാനം വിട്ടുപോകുമെന്ന് ഉറപ്പായിരുന്നുവെന്ന് എസ്.ഐ സുരേന്ദ്രൻ പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.സി.പി ഒ.രഘുനാഥൻ, റെജിൻ എസ്. നായർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

