ആലപ്പുഴ-കോട്ടയം യാത്രാബോട്ട് എട്ടുമണിക്കൂർ കായലിലെ പോളയിൽ കുടുങ്ങി
text_fieldsകോട്ടയം: ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട യാത്രാബോട്ട് 18 യാത്രക്കാരുമായി എട്ടുമണിക്കൂർ കായലിലെ പോളയിൽ കുടുങ്ങി. വിഷുത്തലേന്ന് വൈകീട്ട് ഏഴിന് എൻജിൻ പ്രവർത്തനരഹിതമായ ബോട്ട് പുലർച്ച 3.30ഓടെയാണ് കരക്കടുപ്പിച്ചത്. കനത്ത കാറ്റിലും മഴയിലും കായലിൽപെട്ട യാത്രക്കാരും ബന്ധുക്കളും മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ടതായിരുന്നു. കോടിമത ജെട്ടിയിലേക്ക് 25 മിനിറ്റ് കൂടി യാത്ര അവശേഷിക്കെ വെട്ടിക്കാട് എത്തിയപ്പോൾ ബോട്ടിന്റെ പ്രൊപ്പല്ലറിൽ വൻതോതിൽ പോള കുരുങ്ങി. സാധാരണ പോള കുരുങ്ങിയാൽ ബോട്ട് ജീവനക്കാർതന്നെ ഇറങ്ങി നീക്കാറാണ് പതിവ്. ഇത്തവണ തണ്ണീർമുക്കം ബണ്ട് തുറന്നതിനാൽ വലിയ തോതിൽ പോള അടിഞ്ഞുകൂടിയിരുന്നു. മണിക്കൂറുകൾ പ്രയത്നിച്ചിട്ടും ബോട്ട് അനക്കാനായില്ല.
ബോട്ട് ചാലിൽനിന്ന് മാറിയതും ബുദ്ധിമുട്ടായി. തുടർന്ന് രാത്രി 11.50നാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. സീനിയർ അഗ്നിരക്ഷാ ഓഫിസർ പ്രവീൺ രാജന്റെ നേതൃത്വത്തിൽ സ്കൂബ ഡൈവിങ് സംഘമടക്കം എത്തി. ഇതിനിടെ കാറ്റും മഴയും വന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പോളകൾക്കിടയിലൂടെ ബോട്ടിനടുത്തെത്തിയ സ്കൂബ ഡൈവിങ് സംഘം പ്രൊപ്പല്ലറിൽ കുടുങ്ങിയ പോള നീക്കി. തുടർന്ന് കയർ കെട്ടി ബോട്ട് ചാലിലേക്കെത്തിച്ചു. അവിടെനിന്ന് വെട്ടിക്കാട്ട് കരയിലേക്കടുപ്പിച്ച് യാത്രക്കാരെ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കും കലക്ടർ വി. വിഗ്നേശ്വരിയും സ്ഥലത്തെത്തിയിരുന്നു കഴിഞ്ഞ ദിവസം പോളയിൽ കുരുങ്ങി ബോട്ടിന്റെ ഷാഫ്റ്റ് ഒടിഞ്ഞിരുന്നു. കുറേനാളുകളായി പോളശല്യം മൂലം ജലഗതാഗതം തകരാറിലാണ്. പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും പോള നീക്കാൻ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞയാഴ്ച ഈ ബോട്ട് ഇതേ സ്ഥലത്തുതന്നെ അരമണിക്കൂറോളം പോളയിൽ കുടുങ്ങിയിരുന്നു. അന്ന് ജീവനക്കാർതന്നെ ഇറങ്ങി പോള മാറ്റിയാണ് യാത്ര പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

