എ.ഐ കാമറ: കോട്ടയം ജില്ലയിൽ ആദ്യദിനം കുടുങ്ങിയത് 2194 പേർ
text_fieldsകോട്ടയം: എ.ഐ കാമറ ഉപയോഗിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയ ആദ്യദിനത്തിൽ ജില്ലയിൽ കുടുങ്ങിയത് 2194 പേർ.ഇവർക്ക് ഉടൻ നോട്ടീസ് അയച്ചുതുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിയമലംഘനങ്ങളിൽ കുറവ് വന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ട്രാഫിക് ലെയിനുകൾ, സിഗ്നലുകൾ ലംഘിച്ച കുറ്റങ്ങൾക്കാണ് ഏറെപ്പേരും കുടുങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.എ.ഐ കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളുടെ ഉടമകളുടെ വിലാസത്തിലേക്ക് നോട്ടീസ് അയക്കും. നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കിൽ ശക്തമായ തുടർനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
നിയമലംഘനം നടത്തിയിട്ടില്ലെന്ന് തെളിയിക്കാൻ വാഹനയാത്രക്കാർക്ക് അപ്പീൽ നൽകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കാമറ പ്രവർത്തനസജ്ജമായതോടെ ഗതാഗത ലംഘനങ്ങൾ കുറയുന്നെന്നാണ് അധികൃതരുടെ വിലയിരുത്തൽ.