വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി ഏജന്റ് മുങ്ങി; ട്രാവല്‍ ഏജന്‍സി പൊലീസ് അടച്ചുപൂട്ടി
text_fieldsവിസ തട്ടിപ്പിനെ തുടർന്ന് കൂട്ടിക്കലിൽ പൊലീസ് ട്രാവൽ ഏജൻസി അടച്ചുപൂട്ടുന്നു
കൂട്ടിക്കല്‍: വിദേശരാജ്യങ്ങളില്‍ വിസ വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ ഏജന്റ് ഒളിവിൽ പോയി. നിരവധി പരാതികളെ തുടര്‍ന്ന് പൊലീസ് ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി. കൂട്ടിക്കല്‍ എസ്.ബി.ഐ ജങ്ഷനിലെ ഓര്‍ക്കിഡ് കണ്സൽട്ടന്സിയാണ് പൊലീസ് പൂട്ടിയത്.
കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറിന്റെ ഉടമസ്ഥതയില്‍ വിവിധ പേരുകളിൽ പ്രവര്‍ത്തിച്ചുവന്ന ട്രാവല്‍ ഏജന്‍സിക്കാണ് പൂട്ടു വീണത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞാണ് നാലു മുതല്‍ 15 ലക്ഷം രൂപ വരെ വാങ്ങിയത്. വിസ നൽകിയില്ലെന്ന പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോയി. കറുകച്ചാല്‍, ചങ്ങനാശ്ശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികൾ എത്തിയിരുന്നു.
കൂലിവേലക്കാരായ നിരവധിപേര്‍ വിദേശ ജോലി സ്വപ്നം കണ്ട് ഇയാളുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. കൂട്ടിക്കല്‍ സ്വദേശിയായ ഒരാള്‍ വീട് പണയപ്പെടുത്തിയാണ് പണം നല്‍കിയത്. പണം വാങ്ങി വിസ നൽകാതെ തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശി കഴിഞ്ഞ ദിവസം അനീഷ് ഉമ്മറിനെ കോഴിക്കോട് കണ്ടുമുട്ടുകയും തടഞ്ഞുവെച്ചു മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് അയാൾക്ക് പൊലീസ് സാന്നിധ്യത്തിൽ ചെക്ക് നൽകി രക്ഷപ്പെടുകയായിരുന്നു. ഉടമ ഒളിവിൽ പോയതോടെ പണം നഷ്ടപ്പെട്ട പരാതിക്കാരുടെയും എണ്ണം വര്‍ധിച്ചുവരുകയാണ്.
മുമ്പ് കൂട്ടിക്കല്‍ ടൗണില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഫിയ ട്രാവല്‍സിന്റെ ഫ്രാഞ്ചൈസിയായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് സാമ്പത്തിക ബാധ്യത ഉണ്ടായതിനെ തുടര്‍ന്നു നിര്‍ത്തുകയും ‘തനയ’ഇ-സേവന കേന്ദ്രമായി വീണ്ടും ആരംഭിച്ചു. പിന്നീടാണ് കൂട്ടിക്കല്‍ എസ്.ബി.ഐ ജങ്ഷനില്‍ ട്രാവല്‍ ഏജന്‍സി ആരംഭിച്ചത്. ഏജൻസി മാനേജർ കൂട്ടിക്കൽ താളുകൽ സ്വദേശിയെ കൂടി പങ്കാളിയാക്കി കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇയാള്‍ക്കായി പൊലീസ് ഊർജിത തിരച്ചില്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

