ജില്ലാ കായിമേള: പ്രായത്തെച്ചൊല്ലി തർക്കം, മത്സരം തടഞ്ഞ് വിദ്യാർഥികൾ
text_fieldsഇതര സംസ്ഥാനത്തുനിന്നുള്ള അത്ലറ്റുകളെ പങ്കെടുപ്പിക്കുന്നതിനെതിരെ ട്രാക്കിൽ കയറി പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
കാഞ്ഞിരപ്പള്ളി: ജില്ല കായികമേളയിൽ മത്സരിക്കുന്ന കായിക താരങ്ങളുടെ പ്രായം സംബന്ധിച്ച് തർക്കം. പ്രായപരിധി ലംഘിച്ച് ചിലർ മത്സരത്തിൽ പങ്കെടുത്തെന്നാരോപിച്ച് വിദ്യാർഥികൾ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പ്രായപരിധി ലംഘിച്ച് മത്സരിപ്പിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് മത്സരം അൽപസമയം നിർത്തിവെച്ചു. കാഞ്ഞിരപ്പള്ളി പൊലീസും വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടറും വിദ്യാർഥികളുമായി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം പിൻവലിച്ചത്.
അയൽ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് കേരളത്തിൽ മത്സരിക്കുന്നതിന് വിലക്കില്ലെന്നും പ്രായപരിധി പരാതികളുണ്ടെങ്കിൽ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാമെന്നും ഉപ ഡയറക്ടർ അറിയിച്ചു. കഴിഞ്ഞ വർഷം ദേശീയതലത്തിൽ ഉൾപ്പെടെ മത്സരിച്ച് വിജയിച്ച എല്ലാ രേഖകളുമുള്ള വിദ്യാർഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതെന്ന് മാനേജർ എ.എൻ. സാബുവും പരിശീലകൻ ഡോ. അജിത് കുമാറും മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സെന്റ് ഡൊമിക്സ് കോളജ് ഗ്രൗണ്ടിൽ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തിയതോടെ മത്സരങ്ങൾ തുടങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് കായികമേള ഉദ്ഘാടനം ചെയ്തു. സെന്റ് ഡൊമിക്സ് കോളജ് മാനേജർ ഫാ. കുര്യൻ താമരശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം പി. ജീരാജ് സമ്മാനദാനം നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കോളജ് പ്രിൻസിപ്പൽ ബിനോ പി. ജോസ്, പാറത്തോട് പഞ്ചായത്ത് അംഗം വി.എം. ഷാജഹാൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം ജോണികുട്ടി എബ്രഹാം, റീജനൽ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ബോബൻ, വി.എച്ച്.എസ്.സി പി. നവീന, ഡി.സി.പി എസ്.എസ്.കെ പി.പി. മുഹമ്മദ് മാഹീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

