കുട്ടികൾ നിർമിച്ച വിമാനങ്ങൾ പറന്നുയർന്നു; വിസ്മയമായി അസംപ്ഷനിൽ എയ്റോ മോഡലിങ് ശിൽപശാല
text_fieldsചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ഐ.ഐ.എസ്.ടി സംഘടിപ്പിച്ച വിമാനനിർമാണ ശിൽപശാല
ചങ്ങനാശ്ശേരി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി അസംപ്ഷൻ കോളജ് ഭൗതികശാസ്ത്ര വിഭാഗം, ടീം ഇൻസ്പയർ കൺസോർഷ്യം എന്നിവരുമായി സഹകരിച്ച് നടത്തിയ ദ്വിദിന വിമാനനിർമാണ ശിൽപശാല ആകാശ കാഴ്ചകളോടെ വിസ്മയമായി. ഐ.ഐ.എസ്.ടി എയ്റോസ്പേസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് തല വിദ്യാർഥികൾക്കായി നടത്തിയ ശിൽപശാലയിൽ അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു.
വൈമാനിക ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ മുതൽ വിമാനം പറത്താനും, ലാൻഡ് ചെയ്യിക്കാനുമുള്ള പ്രായോഗികപരിശീലനം വരെ വിദഗ്ധരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നൽകി. കുട്ടികൾ നിർമിച്ച ഏഴ് വിമാനങ്ങൾ ക്യാമ്പസ് ഗ്രൗണ്ടിൽ വിക്ഷേപിച്ചു. ചലനരീതിയുടെ ന്യൂനതകൾക്ക് അനുസരിച്ച്് നിർമാണത്തിൽ വ്യതിയാനം വരുത്താൻ വിദഗ്ദർ പരിശീലനംനൽകി. വിമാനസഞ്ചാരത്തിന്റെ പ്രായോഗിക തത്വങ്ങൾ വൈമാനിക-ബഹിരാകാശ സഞ്ചാരമേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി.
തിരുവനന്തപുരത്തിന് പുറത്ത് ഐ.ഐ.എസ്.ടി നടത്തുന്ന ഇത്തരത്തിലുള്ള ആദ്യ പഠന കളരിയിയാണ് ഇത്. സമാപനസമ്മേളനത്തിൽ ഐ.ഐ.എസ്.ടി പ്രോ വൈസ് ചാൻസലർ ഡോ. കുരുവിള ജോസഫ്, ഐ.ഐ.എസ്.ടി ഭൗതികശാസ്ത്ര വകുപ്പ് മേധാവി ഡോ. ജിനേഷ് കെ.ബി, അസംപ്ഷൻ കോളജ് മാനേജർ ഡോ. ആന്റണി ഏത്തക്കാട്ട്, പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. മെറീന അലോഷ്യസ്, ഭൗതിക ശാസ്ത്രമേധാവി ജോസ്ലിൻ സേവ്യർ, ഐ.ഐ.എസ്.ടി സ്റ്റുഡന്റ് കോർഡിനേറ്റർസ് സായി ഉജ്ജ്വൽ, ഖുശിഗുപ്ത എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പങ്കാളികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിമാനനിർമാണ സഹായക്കിറ്റുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

