യുവാവിനെയും യുവതിയെയും വെട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsകോട്ടയം: നഗരത്തിൽ വെള്ളിയാഴ്ച അർധരാത്രി യുവാവിനെയും യുവതിയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറേമ്പാക്കിൽ വീട്ടില് ചുണ്ടെലി ബാബു എന്ന ബാബുവിനെയാണ് (48) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ് മെഡിക്കൽ കോളജിൽ കഴിയുന്ന സ്ത്രീയുടെ ആരോഗ്യ നില ഗുരുതരമാണ്. ബാബുവിനൊപ്പമാണ് ഈ സ്ത്രീ കഴിഞ്ഞിരുന്നത്. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞദിവസമാണ് ജയിൽ മോചിതനായത്.
യുവതിക്ക് വേറൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയത്തെതുടർന്ന് ആക്രമിക്കുകയായിരുന്നു. യുവാവിനെ ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച യുവതിയെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ബാബു വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ രാജേഷ് കെ, സി.പി.ഒ മാരായ ദിലീപ് വർമ, വി. രഞ്ജിത്ത്, സി.കെ. സാജുമോൻ, അരുൺ സി. വിജയ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

