മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsകുറവിലങ്ങാട്: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഞീഴൂർ കാട്ടാമ്പാക്ക് വെട്ടുമലയിൽ വീട്ടിൽ അജയ് വിനീതിനെയാണ് (35) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട്ട് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിൽ ഇയാൾ പല തവണകളായി മുക്കുപണ്ടം പണയംവെച്ച് 4,49,000 രൂപയാണ് തട്ടിയെടുത്തത്. നാല് തവണയായി 13 വളയാണ് ഇയാൾ പണയംവെച്ചത്. ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണം പരിശോധിക്കുകയും മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് എസ്.ഐ വി. വിദ്യ, സന്തോഷ് കുമാർ, എ.എസ്.ഐ ബൈജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

