ചുങ്കം പാലത്തിനു സമീപം യാത്രക്കാർക്ക് ഭീഷണിയായി നിന്ന വാകമരം കടപുഴകി വീണു; സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകോട്ടയം ചാലുകുന്ന് മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ ചുങ്കം പാലത്തിനു സമീപം കടപുഴകി വീണ വാകമരം വെട്ടിമാറ്റുന്നു
കോട്ടയം: ചാലുകുന്ന് മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ ചുങ്കം പാലത്തിനു സമീപം യാത്രക്കാർക്ക് ഭീഷണിയായി നിന്ന വൻ വാകമരം കടപുഴകി വീണു. മരത്തിനടിയിൽപെട്ട ഓട്ടോയിലുണ്ടായിരുന്ന സഹോദരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. വൈദ്യുതി ലൈനുകൾ തകർത്ത് റോഡിനു കുറുകെ വീണ മരം സമീപത്തെ വീടിനു മുകളിലാണ് പതിച്ചത്. വീടിനു നാശനഷ്ടമുണ്ടായി. വീട്ടുകാർക്ക് പരിക്കില്ല.
ബൈപാസ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി മുടങ്ങി. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച ആയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. സദാ മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകളും സർവിസ് ബസുകളും പോകുന്ന റൂട്ടാണിത്. രാവിലെ ആറേമുക്കാലോടെയാണ് സംഭവം. ചുങ്കം തൈത്തറയിൽ അജി എബ്രഹാമിന്റെ മക്കളായ ആരോണും അലീനയും സഞ്ചരിച്ചിരുന്ന ഓട്ടോക്കു മുകളിലാണ് മരം വീണത്.
ശബ്ദം കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി. മരത്തടി ഓട്ടോയുടെ അപ്പുറവും ഇപ്പുറവുമായാണ് വീണത്. ആരോണിനെയും അലീനയെയും പുറത്തിറക്കിയെങ്കിലും ഓട്ടോ എടുക്കാനാകുമായിരുന്നില്ല. അഗ്നിരക്ഷാസേന എത്തി തടി മുറിച്ചുമാറ്റി ഓട്ടോ തള്ളിമാറ്റി. ഓട്ടോക്ക് കേടുപാടില്ല. വലിയ മരച്ചില്ലകൾ വീടിനു പുറ്റും പതിച്ചതിനാൽ റോഡിനു താഴെയുള്ള വീട്ടിലെ വയോധികക്ക് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. മരച്ചില്ല നീക്കി അഗ്നിരക്ഷാസേന അവരെയും പുറത്തെത്തിച്ചു. തുടർന്ന് പണിക്കാരെ എത്തിച്ച് മരം മുറിച്ചുനീക്കി. രണ്ടു വൈദ്യുതി പോസ്റ്റ് തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

