ചെറിയതുകയുടെ മുദ്രപ്പത്രങ്ങളുടെ ക്ഷാമം തുടരുന്നു
text_fieldsകോട്ടയം: ചെറിയ തുകയുടെ മുദ്രപ്പത്രത്തിന് ക്ഷാമം നേരിടുന്നതിനാൽ കരാറുകൾ നടത്താനാകാതെ പൊതുജനം വലയുന്നു. അടിയന്തര ആവശ്യങ്ങൾക്കായി ജനങ്ങൾ ഏറെ ഉപയോഗിക്കുന്ന 20, 50, 100 രൂപ തുടങ്ങിയ മുദ്രപ്പത്രങ്ങൾക്കാണ് ദൗർലഭ്യം നേരിടുന്നത്. സാധാരണക്കാരന് വാടകച്ചീട്ട് തയാറാക്കുന്നതിന് 100 രൂപ പത്രം മതിയെങ്കിൽ ഇപ്പോൾ 500 രൂപ പത്രമാണ് വാങ്ങേണ്ടി വരുന്നത്. ഇപ്പോൾ നെൽകർഷകർ, കർഷകസമിതികൾ സർക്കാറുമായി 200 രൂപ പത്രവുമായി കരാറുകൾ ചെയ്യുന്ന സമയമാണിപ്പോൾ. പത്രത്തിന്റെ ലഭ്യതക്കുറവ് മൂലം 500 രൂപ പത്രത്തിലാണ് എഗ്രിമെന്റ് ചെയ്യുന്നത്.
വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ, വാടകക്കരാർ, വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവിധ നിർമാണക്കരാറുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി മുദ്രപ്പത്രം വാങ്ങാനെത്തുന്നവർക്ക് പത്രം തീർന്നുപോയെന്ന മറുപടിയാണ് ലഭിക്കുന്നത്. മാസങ്ങൾക്ക് മുമ്പും നേരിട്ട മുദ്രപ്പത്രങ്ങളുടെ ക്ഷാമം സമാനരീതിയിൽ ഇപ്പോഴും തുടരുകയാണ്. നിലവിൽ 100 രൂപ പത്രം ആവശ്യമുള്ളവർക്ക് വെൻഡർമാർ 10 രൂപ പത്രത്തിൽ 100 രൂപ സ്റ്റാമ്പ് സീൽ ചെയ്ത് റീവാല്യുവേറ്റ് ചെയ്ത പത്രങ്ങളാണ് നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന പത്രത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള അഫിഡഫിറ്റുകളും കോൺസലേറ്റുമായ ബന്ധപ്പെട്ട കരാറുകൾക്കും സ്വീകരിക്കുന്നില്ല.
ഇത് വിദേശവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികളെയും മറ്റ് കരാറുകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സ്വദേശത്ത് ചെയ്യുന്ന കരാറുകൾക്ക് ഇത് തടസ്സമാകുന്നില്ല. എന്നാൽ, 100 രൂപ സ്റ്റാമ്പ് പേപ്പറുകൾക്ക് അറിഞ്ഞുകൊണ്ട് ക്ഷാമം വരുത്തുന്നതാണെന്നാണ് എഴുത്തുകാരുടെ ആക്ഷേപം. 10 രൂപ പത്രത്തെ റീവാല്യുവേറ്റ് ചെയ്ത് 100 രൂപയാക്കുമ്പോൾ കിട്ടുന്ന 90 രൂപ സർക്കാറിലേക്കാണ് പോകുന്നത്. ഇതിലൂടെ സർക്കാർ വൻലാഭം കൊയ്യുകയാണ്. ജില്ലയിലെ ചുറ്റുവട്ടങ്ങളിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ മുദ്രപേപ്പറിന് രൂക്ഷക്ഷാമമാണ്. സർക്കാറുകൾ പത്രത്തിന്റെ ദൗർലഭ്യം മനഃപൂർവം സൃഷ്ടിക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

