യാത്രാദുരിതത്തിന് ആശ്വാസം; കോണത്താറ്റ് പാലത്തിലൂടെ യാത്ര തുടങ്ങാം
text_fieldsഭാഗികമായി തുറന്നുകൊടുത്ത കോട്ടയം–കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ
കോട്ടയം: കുമരകത്ത് എത്തുന്ന രാഷ്ട്രപതിക്കായി കോണത്താറ്റ് പാലം കാത്തിരിക്കുന്നു. ഇതിനോടനുബന്ധിച്ച് പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള റോഡ് ഫണ്ട് ബോർഡ് വകുപ്പ് അധികൃതർ.
തിങ്കളാഴ്ച പാലത്തിന്റെ ഒരുഭാഗം പൊതുജനങ്ങൾക്കായി തുറന്നു. ഇതോടെ കുമരകം നിവാസികളുടെ യാത്രദുരിതത്തിന് ഒരു പരിധിവരെ പരിഹാരമായി. മന്ത്രി വി.എന്‍. വാസവന് സന്ദര്‍ശിച്ച ശേഷമാണ് പാലം തുറന്നത്.
മന്ത്രിയുടെ വാഹനമാണ് ആദ്യം പാലം കയറി മറുകരയെത്തിയത്. ബസുകള്‍ ഉപ്പെടെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിട്ടു. നിലവില്‍ വണ്‍ വേയായാണ് പാലം തുറന്നിരിക്കുന്നത്. കുമരകം ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നുള്ള വാഹനങ്ങള്‍ താൽക്കാലിക ബണ്ട് റോഡിലൂടെ ഗുരുമന്ദിരം റോഡുവഴി സഞ്ചരിക്കണം.
ഹോസ്പിറ്റല്‍ റോഡിലൂടെ കറങ്ങിപ്പോകേണ്ടതില്ല. കോട്ടയം-വൈക്കം, കോട്ടയം-ചേര്‍ത്തല തുടങ്ങിയ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് ഇനി കുമരകത്ത് യാത്ര അവസാനിപ്പിക്കേണ്ടതില്ല.
പാലത്തിന്റെ പ്രവേശനപാതയുടെ പകുതി ഭാഗത്തുകൂടി മാത്രമേ ഗതാഗതം ഇപ്പോള്‍ അനുവദിക്കൂ. കോട്ടയം ഭാഗത്തെ പ്രവേശനപാതയുടെ ഒരുവശത്തെ സംരക്ഷണ കല്‍ഭിത്തിയുടെ ഒമ്പത് മീറ്റര്‍ നീളം ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് നിര്‍മിച്ചശേഷം വീണ്ടും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പ്രവേശനപാത ടാര്‍ ചെയ്യും.
പാലത്തിന്റെ ആറ്റാമംഗലം പള്ളി ഭാഗത്തുള്ള നിലവിലുള്ള ബണ്ട് റോഡിനോട് ചേർന്നുള്ള സമീപന പാത്രയുടെ നിർമാണം പിന്നാലെ നടത്തും. കൂടെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തുടർപ്രവർത്തനവും പൂർത്തീകരിക്കേണ്ടതിനാലാണ് ഗതാഗതം ക്രമീകരിക്കുന്നത്.
താൽക്കാലികമാണെങ്കിലും പാലം തുറക്കുന്നതിന്റെ പ്രധാന പ്രയോജനം കോട്ടയം-വൈക്കം, കോട്ടയം-ചേർത്തല തുടങ്ങിയ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കാണ്. നിലവിൽ ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ പാലത്തിന്റെ ഇരുകരകളിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളിൽനിന്ന് ഇറങ്ങി മറുഭാഗത്ത് നടന്ന് എത്തി, അവിടെ കാത്തുകിടക്കുന്ന അടുത്ത ബസിൽ കയറി തുടർയാത്ര നടത്തേണ്ടിയിരുന്നു. ഇതോടൊപ്പം തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കും വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്.
ടാറിങ് അടക്കം പൂർത്തിയാക്കി പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും. രാഷ്ട്രപതിയുടെ കുമരകം സന്ദർശനം നടക്കുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും. ടൈൽ വിരിച്ച് റോഡിന്റെ പ്രധാനഭാഗം ക്രമീകരിക്കും. 2022 നവംബർ ഒന്നിനാണ് നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയതിന്റെ നിർമാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

