കോട്ട കാക്കാൻ ആവേശപ്പോര്
text_fieldsകോട്ടയം: ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും കേരള കോൺഗ്രസുകളുടെ ബലപരീക്ഷണം. കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യം. പാലായിൽ ത്രികോണപ്പോര്... രാഷ്ട്രീയ രസച്ചേരുവകൾ പാകത്തിനുചേർന്ന കോട്ടയത്ത് തെരഞ്ഞെടുപ്പ് ചൂട് വേനൽ ചൂടിനേക്കാൾ കടുപ്പം. കേരള കോൺഗ്രസ് വിജയ പരാജയങ്ങൾ നിർണയിക്കുന്ന ജില്ലയിൽ ഒരു സംവരണസീറ്റടക്കം ഒമ്പതു മണ്ഡലങ്ങളാണുള്ളത്. മാണി വിഭാഗത്തിന്‍റെ മൂന്ന് എം.എൽ.എമാരുടെ ബലത്തിൽ അഞ്ചു സീറ്റുമായി ഇടതായിരുന്നു കഴിഞ്ഞ തവണ മുന്നിൽ. സി.പി.എമ്മിനും സി.പി.ഐക്കും ഓരോ സീറ്റ്. യു.ഡി.എഫിൽ കോൺഗ്രസ് രണ്ട്, കേരള കോൺഗ്രസ് ഒന്ന്, നാഷനലിസ്റ്റ് കോൺഗ്രസ് കേരള ഒന്ന് എന്നതാണ് സീറ്റ് നില. ഇത്തവണ വൈക്കത്തൊഴികെ സിറ്റിങ് എം.എൽ.എമാരെല്ലാം രംഗത്തുണ്ട്.
യു.ഡി.എഫ് ‘ഈസി’ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് കോട്ടയവും പുതുപ്പള്ളിയും. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് 2011 മുതൽ കോട്ടയം പ്രതിനിധി. തുടർച്ചയായ നാലാം ജയം തേടിയിറങ്ങുന്ന ഇദ്ദേഹത്തിന്‍റെ എതിരാളി സി.പി.എം സംസ്ഥാനസമിതി അംഗം അഡ്വ. കെ. അനിൽകുമാർ ആണ്. ബി.ഡി.ജെ.എസിലെ പി. അനിൽകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി. പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം വരുംമുമ്പ് പ്രചാരണത്തിൽ ചാണ്ടി ഉമ്മൻ അതിവേഗം ബഹുദൂരമെത്തി. കെ.എം. രാധാകൃഷ്ണനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. രവീന്ദ്രനാഥ് വാകത്താനം എൻ.ഡി.എക്കുവേണ്ടി കളത്തിലുണ്ട്.
സി.പി.എമ്മിന്‍റെ ഏക സീറ്റായ ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവൻ രണ്ടാം ജയം തേടിയിറങ്ങുന്നു. കേരള കോൺഗ്രസ് വിട്ടുനൽകിയ സീറ്റിൽ കോൺഗ്രസ് ജില്ല അധ്യക്ഷൻ നാട്ടകം സുരേഷാണ് സ്ഥാനാർഥി. ട്വന്‍റി-ട്വന്‍റി പ്രതിനിധി ആതിര ഡി. നായരാണ് എൻ.ഡി.എ സ്ഥാനാർഥി.
വൈക്കത്തെ രണ്ടു തവണ ചുവപ്പിച്ച സി.പി.ഐയുടെ മുൻ എം.എൽ.എ കെ. അജിത്ത് ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയാണ്. 2016 മുതൽ എം.എൽ.എ ആയിരുന്ന സി.കെ. ആശ മത്സരത്തിനില്ല. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പ്രദീപ് ആണ് സീറ്റുറപ്പിക്കാൻ പോരാടുന്നത്. തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ബിനിമോനാണ് യു.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എം പ്രതിനിധിയും സിറ്റിങ് എം.എൽ.എയുമായ അഡ്വ. ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിൽ രണ്ടാമൂഴം തേടുമ്പോൾ ജോസഫ് ഗ്രൂപ്പിലെ വിനു ജോബിനെയാണ് എതിരിടാൻ യു.ഡി.എഫ് നിയോഗിച്ചത്. എൻ.എസ്.എസ് ആസ്ഥാനമടക്കം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണ മേനോനാണ് എൻ.ഡി.എ സ്ഥാനാർഥി.
2006 മുതൽ കടുത്തുരുത്തിയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിലെ മോൻസ് ജോസഫിനെ നേരിടാൻ മാണി ഗ്രൂപ്പിലെ നിർമല ജിമ്മിയെ ആണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ബി.ഡി.ജെ.എസ് കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ എൻ.ഡി.എക്കായി മത്സരിക്കുന്നു.
ബി.ജെ.പി എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍റെ സ്ഥാനാർഥിത്വമാണ്. സിറ്റിങ് എം.എൽ.എ ഡോ. എൻ. ജയരാജ് എൽ.ഡി.എഫിനായും കോളജ് അധ്യാപകൻ പ്രഫ. റോണി കെ. ബേബി യു.ഡി.എഫിനായും അങ്കത്തട്ടിലുണ്ട്.
പി.സി. ജോർജിന്‍റെ മണ്ഡലമായ പൂഞ്ഞാർ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഇടതിനോടു ചേർത്തത്. ഇത്തവണ ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോൾ പി.സി. ജോർജ് ബി.ജെ.പി കളത്തിലാണ്. അഡ്വ. എം.ജെ. സെബാസ്റ്റ്യനാണ് യു.ഡി.എഫ് സ്ഥാനാർഥി.
സൂപ്പർസ്റ്റാർ പാലാ
കേരള രാഷ്ട്രീയത്തിൽ എക്കാലത്തും സൂപ്പർസ്റ്റാർ മണ്ഡലമാണ് പാലാ. ഇവിടെ ജയിക്കുക എന്നത് ഇരുമുന്നണികൾക്കും അഭിമാനനേട്ടമാണ്. ഇത്തവണ കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണിയുടെ സ്ഥാനാർഥിത്വവും ത്രികോണമത്സരവുമാണ് പാലായെ ആവേശത്തിലാക്കുന്നത്. നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടി അധ്യക്ഷൻ മാണി സി. കാപ്പനാണ് യു.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എയിൽ പി.സി. ജോർജിന്‍റെ മകനും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജും.
കെ.എം. മാണിയുടെ മരണശേഷം നടന്ന 2019 ലെ ഉപതെരഞ്ഞടുപ്പുമുതൽ പാലാ നിയമസഭാംഗമാണ് മാണി സി. കാപ്പൻ. അതിനുമുമ്പ് മൂന്നുതവണ മാണിക്കെതിരെ പരാജയപ്പെട്ടു. ജില്ല പഞ്ചായത്ത് മുൻ അംഗമാണ് ഹൈകോടതി അഭിഭാഷകനായ ഷോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

