കടിച്ചുകീറാനൊരുങ്ങി തെരുവ്നായ്ക്കൂട്ടം ഒറ്റയാഴ്ച മാത്രം കടിയേറ്റത് 130ലധികം പേർക്ക് !
text_fieldsകോട്ടയം: പദ്ധതികളും കോടതി നിർദ്ദേശങ്ങളുമൊക്കെയുണ്ടെങ്കിലും നാടും നഗരവും വിറപ്പിച്ച് തെരുവുകൾ കീഴടക്കി നായ്ക്കളുടെ വിളയാട്ടം. ആരെയും എപ്പോഴും കടിച്ചുകീറാനൊരുങ്ങി തെരുവുനായ് ശല്യം വ്യാപകമായിരിക്കുകയാണ്. ഇവയുടെ ശല്യം ഇല്ലാതാക്കാൻ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നെന്ന് സർക്കാറും തദ്ദേശ സ്ഥാപനങ്ങളും അവകാശപ്പെടുന്നതിനിടെയാണ് കോട്ടയം നഗരത്തിലുൾപ്പെടെ തെരുവ് നായ്ക്കളുടെ വിളയാട്ടം ദിനംപ്രതി വർധിക്കുന്നത്. സൂക്ഷിച്ച് നടന്നില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും കടി കിട്ടാവുന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 130ലധികം പേർക്കാണ് കടിയേറ്റത്. ഇതിനുപുറമേ വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കൂട്ടത്തോടെ ഓടിയെത്തുന്നത് കണ്ട് ഭയന്ന്പരിക്കേറ്റവരും നിരവധി. പദ്ധതികൾ വിജയം കാണുന്നില്ലെന്ന് തെളിയിക്കുന്ന നിലക്കാണ് കാര്യങ്ങൾ.
കഴിഞ്ഞ വർഷം 7,451 പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ നൽകേണ്ടിവന്നത്. കുറഞ്ഞത് 20 പേരെങ്കിലും ഇത്തരത്തിൽ ആക്രമണത്തിന് ഇരകളായി. ഇതിന് സമാനമായ നിലയിലാണ് ഈ വർഷവും കാര്യങ്ങൾ. മറ്റ് ജില്ലകളിൽ നിന്ന് പരിക്കേറ്റവർ എത്തുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ വർഷം 23,327 പേരാണ് നായുടെ ആക്രമണത്തിൽ ചികിത്സ തേടിയതെന്നാണ് കണക്കുകൾ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തെരുവ് നായ്ക്കളുടെ സ്വഭാവത്തിൽ സാരമായ മാറ്റമുണ്ടാകുന്നെന്നും ചൂണ്ടിക്കാട്ടുന്നു.
നായ്ക്കളിൽ ജനിതക മാറ്റം സംഭവിക്കുകയോ കുറുനരികളുടെയും നായ്ക്കളുടെയോ സങ്കരവർഗങ്ങളുണ്ടാകുന്നോ എന്നീ സംശയങ്ങൾ വർധിപ്പിക്കുന്ന നിലയിലാണ് കാര്യങ്ങൾ. രക്തം കലർന്ന ഇറച്ചി കഴിച്ചുതുടങ്ങിയതും നായ്ക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്നതാണ് ഇത്തരം സാഹചര്യമുണ്ടാക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഇറച്ചിമാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മതിയായ ഇഷ്ടഭക്ഷണങ്ങൾ ലഭ്യമാക്കാത്തതും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്നും ‘പുറത്താക്ക’പ്പെടുന്നതും തെരുവുനായ്ക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നെന്നാണ് ഈ മേഖലയിലുള്ളവരുടെ കണ്ടെത്തൽ. എ.ബി.സി യൂനിറ്റുകൾ അടച്ചുപൂട്ടപ്പെട്ടതും തെരുവുനായ്ക്കളുടെ എണ്ണം വർധിപ്പിച്ചതായും ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ വളർത്തിയിരുന്ന ആക്രമണ സ്വഭാവമുള്ള ബ്രീഡുകളിലുള്ള നായ്ക്കളെ എന്തെങ്കിലും രോഗങ്ങൾ പിടിപെടുമ്പോൾ തെരുവിൽ തള്ളുന്ന രീതി വർധിച്ചതോടെ അവയിൽ നിന്ന് സങ്കര സ്വഭാവമുള്ള തെരുവ് നായ്ക്കൾ ധാരാളമായി ഉണ്ടാകുന്നുണ്ട്. അതെല്ലാം ഇപ്പോൾ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന നായ്ക്കളെയാണ് കോട്ടയം നഗരം ഉൾപ്പെടെ കാണാനാകുന്നത്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാർക്കറ്റുകൾ എന്നിവയെല്ലാം ഇവയുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

