Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഗമൺ യാത്ര കഴിഞ്ഞ്...

വാഗമൺ യാത്ര കഴിഞ്ഞ് മടങ്ങിയ ഭിന്നശേഷിക്കാരി ഉൾപ്പെട്ട കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു

text_fields
bookmark_border
വാഗമൺ യാത്ര കഴിഞ്ഞ് മടങ്ങിയ ഭിന്നശേഷിക്കാരി ഉൾപ്പെട്ട കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു
cancel

ഈരാറ്റുപേട്ട: വാഗമൺ യാത്ര കഴിഞ്ഞു മടങ്ങിയ സ്ത്രീകളും ഭിന്നശേഷിക്കാരിയും അടങ്ങിയ കുടുംബത്തെ മദ്യപിച്ചെത്തിയ സംഘം കാർ തടഞ്ഞുനിർത്തി മർദിച്ചു. ഈരാറ്റുപേട്ട നടക്കൽ വെളിയത്ത് സാദിഖ്, ഭാര്യ ഖദീജ, സഹോദരിയും ഭിന്നശേഷിക്കാരിയുമായ ആസിയ മോൾ, പിതാവ് ഷെരീഫ് എന്നിവരാണ് മർദനത്തിന് ഇരയായത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് വാഗമൺ മാസ്കോം ടീ കമ്പനിക്ക് സമീപത്താണ് സംഭവം. മൂന്നു പേരുമായി യാത്ര ചെയ്ത ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. തുടർന്ന് പിന്തുടർന്നവർ വിജനമായ സ്ഥലത്തുവെച്ച് കാർ തടഞ്ഞുനിർത്തി യാത്രക്കാരെ മർദിക്കുകയായിരുന്നു.

വാഗമൺ സ്വദേശികളായ ക്രിസ്റ്റി, കണ്ണൻ എന്നിവരാണ് അക്രമം തുടങ്ങിയതെങ്കിലും സംഭവത്തിനിടയിൽ ബൈക്ക് യാത്രക്കാർ കൂടുതൽ ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു.

മർദനം എതിർക്കാൻ ശ്രമിച്ച സാദിഖിനെ കാറിൽനിന്ന് വലിച്ചിറക്കി. സംഭവം കണ്ട് ഭയപ്പെട്ട് ഉച്ചത്തിൽ നിലവിളിച്ച ഭിന്നശേഷിക്കാരിയായ കുട്ടിയുടെ വായ് പൊത്തി മർദിക്കുകയായിരുന്നു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വാഗമൺ സ്റ്റേഷനിൽ കുടുംബം പരാതി നൽകി. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇതിന് മുമ്പും അക്രമികൾ സമാന കേസിൽ പ്രതികളാണ്. അക്രമത്തിനെതിരെ പരാതി കൊടുക്കാൻ ചെന്ന ഭിന്നശേഷിക്കാരി ഉൾപ്പെടെയുള്ളവരെ രാത്രി 11 വരെ സ്റ്റേഷനിൽ ഇരുത്തി പ്രയാസപെടുത്തിയതായും പറയുന്നു. ദുർബല വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കാണിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി നൽകി.

കുടുംബത്തിന് പിന്തുണ നൽകും -അഡ്വ. വി.പി. നാസർ

ഈരാറ്റുപേട്ട: വാഗമൺ യാത്ര കഴിഞ്ഞ് മടങ്ങിവന്ന കുടുംബത്തിന് നേരെയുണ്ടായ ഗുണ്ട ആക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്ന് നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ പറഞ്ഞു.

പ്രതികൾ ലഹരിക്ക് അടിമകളും സമാനമായ കേസിൽ പ്രതികളുമാണ് എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നതാണ്. അക്രമികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -മുഹമ്മദ് സക്കീർ

ഈരാറ്റുപേട്ട: ഭിന്നശേഷിക്കാരിയായ ബാലികയെ പോലും മർദനത്തിനു വിധേയമാക്കിയ, വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തെ തകർക്കാൻ തുനിഞ്ഞിറങ്ങിയ ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.ഇ. മുഹമ്മദ് സക്കീർ ആവശ്യപ്പെട്ടു.

വിനോദ സഞ്ചാരികളെ ആക്രമിക്കുന്നതു തൊഴിലാക്കിയ ഒരു സംഘം വാഗമണ്ണിൽ അഴിഞ്ഞാടുന്നതു നിത്യസംഭവമായി. ഇവിടെ പ്രത്യേക സേനയെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കഠിന ശിക്ഷ നൽകണം

ഈരാറ്റുപേട്ട: വാഗമൺ ടൂറിസത്തിന്റെ സൗന്ദര്യമാസ്വദിക്കാനെത്തിയ ഭിന്നശേഷിക്കാരി ഉൾപ്പടെ സ്ത്രീകളെ ക്രൂരമായി മർദിച്ച ഗുണ്ടാസംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കഠിന ശിക്ഷ നൽകണമെന്ന് ഡിഫൻറ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എ. മുഹമ്മദ് അഷറഫ് ആവശ്യപ്പെട്ടു.

ഗുണ്ടകളെ അറസ്റ്റ് ചെയ്യണം -വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: വാഗമൺ കണ്ട് തിരിച്ചുവരുന്ന കുടുംബത്തെ പാതിരാത്രിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി മുൻസിപ്പൽ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

പൊലീസ് നിലപാട് പ്രതിഷേധാർഹം -എസ്.ഡി.പി.ഐ

ഈരാറ്റുപേട്ട: വാഗമണ്ണിൽ വിനോദയാത്രക്ക് പോയ ഭിന്നശേഷിക്കാരി അടങ്ങുന്ന കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് സബീർ കുരുവനാൽ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികളെ അറസ്റ്റ് ചെയ്യണം -പി.ഡി.പി

ഈരാറ്റുപേട്ട: വാഗമൺ യാത്രക്ക് ശേഷം മടങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബത്തെ ക്രൂരമായി മർദിച്ച സാമൂഹികവിരുദ്ധരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പുലർത്തണമെന്നും പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പി.ഡി.പി ജില്ല പ്രസിഡന്‍റ് നിഷാദ് നടയ്ക്കൽ ഇടുക്കി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsnewsVagamon
News Summary - A family including a disabled woman returning from a Vagamon trip was stopped and attacked on the way
Next Story