പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ ചളിമണ്ണിറക്കി, തെന്നിവീണ് ദമ്പതികള്‍ക്ക് പരിക്ക്
text_fields1. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമലയുടെ വീടിനുമുന്നില്‍ റോഡിൽ മണ്ണുതള്ളിയ നിലയിൽ 2. വീടിനുമുന്നില്‍
തള്ളിയ മണ്ണ് മഴയിൽ റോഡിൽ പരന്ന നിലയിൽ
അതിരമ്പുഴ: പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമലയുടെ അതിരമ്പുഴ-കോട്ടമുറി റോഡിലുള്ള വീടിനുമുന്നില്‍ വെളുപ്പിന് നാലിന് അജ്ഞാതര്‍ ചളിമണ്ണിറക്കി. മൂന്നു വലിയ കൂനകളായിട്ടാണ് മണ്ണിറക്കിയത്. കനത്ത മഴയിൽ മണ്ണിളകി വാഹനങ്ങള്‍ കടന്നുപോകാന്‍ സാധ്യമല്ലാത്തവിധം ചളിനിറഞ്ഞിരുന്നു.
സംഭവം അറിയാതെ ഇതുവഴി ബൈക്കില്‍ വന്ന കുറുമള്ളൂര്‍ സ്വദേശികളായ ദമ്പതികള്‍ തെന്നിവീഴുകയും ഭാര്യയുടെ കാലിന് ഒടിവ് പറ്റുകയും ചെയ്തു. ഇവരെ കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെപ്പറ്റി പ്രസിഡന്റ് പറയുന്നത്: 'വെളുപ്പിന് വീടിനു മുന്നില്‍ വലിയൊരു ശബ്ദം കേട്ടിരുന്നു. ഇറങ്ങിനോക്കിയപ്പോള്‍ വീടിനു മുന്നില്‍ മൂന്ന് കൂമ്പാരമായി മണ്ണിട്ടിരിക്കുന്നു. ടിപ്പറില്‍ മണ്ണുകൊണ്ടുപോയപ്പോള്‍ പുറകുവശം തുറന്നു പോയതാണെന്നാണ് ആദ്യം കരുതിയത്.
മണ്ണ് മഴയില്‍ കുതിര്‍ന്നു ഒലിച്ചതിനെ തുടര്‍ന്ന് കാല്‍നടക്കാര്‍ക്കുപോലും നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇത് തന്നോട് വിരോധമുള്ളവര്‍ ചെയ്തതാകാനാണു സാധ്യത'. പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. കെ.എസ്.ടി.പി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് മണ്ണ് വാരിമാറ്റുകയും റോഡ് കഴുകിവൃത്തിയാക്കുകയും ചെയ്തു.
ഇതേസമയം തന്നെ എം.ജി സർവകലാശാല കാമ്പസിന്റെ കവാടത്തിലും സമാനമായ രീതിയില്‍ മണ്ണിറക്കിയിരുന്നു. ഗാന്ധിനഗര്‍ പൊലീസെത്തി മണ്ണ് നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

