പോളിങ് ജോലിക്ക് 9272 ജീവനക്കാർ
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള
രണ്ടാംഘട്ട റാൻഡമൈസേഷൻ കലക്ടർ ചേതൻകുമാർ മീണ നിർവഹിക്കുന്നു.
കോട്ടയം: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ജോലികൾക്ക് 9272 ജീവനക്കാരെ നിയോഗിച്ച് കലക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന നടപടി പൂർത്തിയാക്കിയത്.
1925 പോളിങ് സ്‌റ്റേഷനുകളിലേക്ക് 2318 പ്രിസൈഡിങ് ഓഫീസർമാരും 2318 ഫസ്റ്റ് പോളിങ് ഓഫീസർമാരും 4636 പോളിങ് ഓഫീസർമാരുമടക്കം പോളിങ് ഉദ്യോഗസ്ഥരെയാണു തെരഞ്ഞെടുത്തത്.
ഇവരെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച രാവിലെ എട്ടിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ https://www.edrop.sec.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കലക്ടർ അറിയിച്ചു.
ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. രണ്ടാം ഘട്ടത്തിൽ 20 ശതമാനം പേരെ ഒഴിവാക്കി.
ഇ ഡ്രോപ് സോഫ്റ്റ്‌വെയറിലൂടെ വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മുഴുവൻ ഉദ്യോഗസ്ഥർക്കും നവംബർ 25 മുതൽ 28 വരെ ബ്ലോക്ക് പഞ്ചായത്ത് നഗരസഭ തലങ്ങളിൽ പരിശീലനം നൽകിയിരുന്നു.
കലക്‌ടറേറ്റിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷനിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കലക്ടർ(ഇലക്ഷൻ) ഷീബ മാത്യു, ജില്ല ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

