കോട്ടയം ജില്ലയിൽ 87,286 പേർക്ക് രക്തസമ്മർദവും 82,016 പേർക്ക് പ്രമേഹവും
text_fieldsകോട്ടയം: ജില്ലയിൽ 87,286 രക്തസമ്മർദവും 82,016 പേർ പ്രമേഹവും നേരിടുന്നവർ. ആരോഗ്യവകുപ്പ് നടത്തുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലീരോഗ നിർണയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രമേഹവും രക്തസമ്മർദവും ഒരുപോലെ നേരിടുന്ന രോഗികൾ 36,682 ആണ്.
മാർച്ച് 31ന് അവസാനിക്കുന്ന സർവേയിൽ 30 വയസ്സിനു മുകളിലുള്ള 10,64,236 പേരെ പരിശോധിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജൂലൈയിൽ ആരംഭിച്ച സർവേയിൽ ചൊവ്വാഴ്ച വൈകീട്ടുവരെ 7,16,231പേരെ പരിശോധിച്ചു. അതായത് 67.3 ശതമാനം. മറ്റു ജില്ലകളെ അപേക്ഷിച്ച് സർവേയിൽ ഏറെ മുന്നിലാണ് ജില്ല. അർബുദം, പ്രമേഹം, രക്താതിമർദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീരോഗ നിർണയമാണ് ആശാ പ്രവർത്തകരെ ഉപയോഗിച്ചു നടത്തുന്നത്.
വീടുകളിൽചെന്ന് വ്യക്തികളുമായി സംസാരിച്ച് രോഗം, ചികിത്സ, ലക്ഷണങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ‘ശൈലി’ മൊബൈൽ ആപ്ലിക്കേഷൻവഴി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ ആരോഗ്യനിലവാരത്തെക്കുറിച്ച് സ്കോറിങ് നടത്തുകയും സ്കോർ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീരോഗ പരിശോധനക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്യും.
ഇതുപ്രകാരം പ്രമേഹവും രക്തസമ്മർദവും വരാൻ സാധ്യതയുള്ള സ്കോർ നാലിനു മുകളിലുള്ളവർ (ഹൈറിസ്ക് വിഭാഗം) 1,65,129 പേരാണ്. രോഗലക്ഷണങ്ങൾ കണ്ടെത്തുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധ്യമാവൂ. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും കാൻസർ ക്ലിനിക്കുകളും ജീവിതശൈലീരോഗ നിർണയ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ‘കാൻ കോട്ടയം’ പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക്കുകൾ സ്ഥാപിച്ചത്.
രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സാമ്പിൾ പരിശോധനക്ക് ഇവിടെത്തന്നെ സൗകര്യമുണ്ടാവും. വരുംവർഷങ്ങളിലും ഇത്തരം പരിശോധന തുടരും. ഇതോടൊപ്പം രോഗം കണ്ടെത്തുന്നവർക്ക് ചികിത്സയും നൽകും. സംസ്ഥാനതലത്തിൽ ജീവിതശൈലീരോഗ രജിസ്ട്രി തയാറാക്കുന്നതിെൻറ ഭാഗമായാണ് സർവേ. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരനാണ് പദ്ധതിയുടെ ജില്ലതല നോഡൽ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

