തോപ്പിൽകടവ് പാലം പുനർനിർമാണത്തിന് 7.65 കോടി
text_fieldsമുണ്ടക്കയം: മഹാപ്രളയത്തിൽ തകർന്ന കോരുത്തോട് പഞ്ചായത്ത് ആറാം വാർഡിലെ തോപ്പിൽകടവ് ഭാഗത്ത് അഴുതയാറിന് കുറുകെയുണ്ടായിരുന്ന പാലം പുനർനിർമിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി 7.65 കോടി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.
മറുകര ഇടുക്കിയിലെ പെരുവന്താനം പഞ്ചായത്ത് എട്ടാം വാർഡിലെ മൂഴിക്കൽ പ്രദേശമാണ്. പീരുമേട് എം.എൽ.എ വാഴൂർ സോമനുമായി ചേർന്ന് മുഖ്യമന്ത്രിക്കും റവന്യൂ, തദ്ദേശ മന്ത്രിമാർക്കും നിവേദനം നൽകിയതിനെ തുടർന്നാണ് ഫണ്ട് ലഭ്യമായതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. രണ്ട് ജില്ലയെയും രണ്ട് നിയോജകമണ്ഡലങ്ങളെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നതോടെ ഇരുകരയിലെയും ജനങ്ങൾ ദുരിതത്തിലായിരുന്നു.
കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ആളുകൾ മറുകരയിൽ എത്തിയിരുന്നത്. ഇതുമൂലം സ്കൂളുകൾ, ആശുപത്രികൾ, വില്ലേജ് ഓഫിസ്, മൂഴിക്കൽ, മുക്കുഴി അമ്പലങ്ങൾ എന്നിവിടങ്ങളിൽ എത്താൻ ജനങ്ങൾ ബുദ്ധിമുട്ടിയിരുന്നു. പ്രാരംഭ സർവേ, മണ്ണ് പരിശോധന തുടങ്ങി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് എസ്റ്റിമേറ്റും പ്ലാനും ഡിസൈനും തയാറാക്കി ഭരണാനുമതി ലഭിച്ചതെന്നും പരമാവധി വേഗത്തിൽ ടെൻഡർ നടപടി സ്വീകരിച്ച് പാലം നിർമിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

