പുതുവർഷം പിറന്നശേഷം കോട്ടയത്ത് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 22പേർക്ക്
text_fieldsഎം.സി റോഡിൽ നാട്ടകം വില്ലേജ് ഓഫിസിന് സമീപം അപകടത്തിൽപെട്ട ബൈക്ക്
കോട്ടയം: പുതുവർഷം പിറന്ന് 22 ദിവസങ്ങൾ പിന്നിട്ടപ്പോൾ ജില്ലയിൽ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 22പേർക്ക്. രണ്ടുദിവസമൊഴികെ ബാക്കി എല്ലാ ദിവസങ്ങളിലും അപകട മരണങ്ങളുണ്ടായി. ചെറുതും വലുതുമായ മറ്റ് അപകടങ്ങളും ഏറെ. ഏറ്റവും ഒടുവിൽ ഞായറാഴ്ച നഗരത്തിലും എം.സി റോഡിൽ നാട്ടകത്തും അപകടങ്ങളുണ്ടായി. ഉച്ചക്ക് രണ്ടിനാണ് നഗരമധ്യത്തിൽ ടി.ബി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടക്കാരൻ മരിച്ചത്. നടന്നുവന്നിരുന്ന ഇയാൾ ബസിന് മുന്നിലേക്ക് വീഴുന്നതായാണ് സി.സി ടി.വി ദൃശ്യങ്ങളിൽ കാണുന്നത്.
മീനടം കുന്നുമ്പുറത്ത് ജോർജ് കുര്യനാണ് (50) മരിച്ചത്. പൊലീസെത്തി ആദ്യം ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. എം.സി റോഡിൽ നാട്ടകം വില്ലേജ് ഓഫിസിന് സമീപം ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇടറോഡിൽനിന്ന് എം.സി റോഡിലേക്കുവന്ന ബൈക്കിൽ തിരുവനന്തപുരത്തേക്കുപോയ സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
എം.സി റോഡിലാണ് ഇത്തവണ അപകടങ്ങള്‍ കൂടുതലും. എം.സി റോഡിൽ പള്ളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവഞ്ചൂർ സ്വദേശിയായ 24കാരൻ മരിച്ചത് രണ്ടുദിവസം മുമ്പാണ്. അതിനും രണ്ടുദിവസം മുമ്പ് മറിയപ്പള്ളിയിൽ ബൈക്ക് ലോറിയിലിടിച്ച് കോളജ് വിദ്യാർഥി മരിച്ചിരുന്നു. മകന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച വീട്ടമ്മ താഴെവീണ് ലോറികയറി മരിച്ചത് വ്യാഴാഴ്ചയാണ്. കുറവിലങ്ങാട് കുര്യനാട് കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചതും കുറവിലങ്ങാട് കെ.എസ്.ആർ.ടി.സിബസും കാറും കൂട്ടിയിടിച്ച് ഏറ്റുമാനൂർ സ്വദേശിനിയായ 60കാരി മരിച്ചതും ജനുവരിയിൽ തന്നെ.
കെ.കെ റോഡ്, വാഴൂര്‍ -ചങ്ങനാശ്ശേരി റോഡ് എന്നിവിടങ്ങളിലെല്ലാം ജീവനെടുക്കുന്ന അപകടങ്ങള്‍ ഉണ്ടായി. അതേസമയം വലിയ അപകടങ്ങളില്ലാതെയാണ് ഇത്തവണ തീർഥാടനകാലം കടന്നുപോയത്. പൊലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം ജില്ലയില്‍ 1079 അപകടങ്ങളിലായി 85പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1352 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021ല്‍ ഇത് യഥാക്രമം 799, 67, 1004 എന്നിങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

